ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി. ഫെബ്രുവരി 10ന് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നടക്കാനിരിക്കെയാണ് ബി.ജെ.പി തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. ‘ലോക് കല്യാണ്‍ സങ്കല്‍പ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന ഇലക്ഷന്‍ മാനിഫെസ്റ്റോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകാശനം ചെയ്തത്.
രണ്ട് ദിവസം മുന്‍പായിരുന്നു ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കേണ്ടിയിരുന്നത്. എന്നാല്‍ ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തെ തുടര്‍ന്ന് മാനിഫെസ്റ്റോ റിലീസ് മാറ്റി വെക്കുകയായിരുന്നു.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നിരവധി സൗജന്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് ബി.ജെ.പിയുടെ പ്രകടനപത്രിക. കര്‍ഷകര്‍ക്ക് ജലസേചനത്തിനായി സൗജന്യ വൈദ്യുതി മുതല്‍ ഹോളിക്കും ദീപാവലിക്കും സൗജന്യ ഗ്യാസ് സിലിണ്ടര്‍ വരെ നീളുന്നതാണ് മാനിഫെസ്റ്റോയിലെ സൗജന്യ വാഗ്ദാനങ്ങള്‍.
60 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ടൂവീലര്‍ വാഹനം, കുടുംബത്തിലെ ഒരംഗത്തിനെങ്കിലും ജോലി തുടങ്ങി ‘സൗജന്യങ്ങളുടെ’ പട്ടിക നീളുകയാണ്.
ലവ് ജിഹാദിനെതിരെയുള്ള കര്‍ശന നിയമ നിര്‍മാണമാണ് പ്രകടനപത്രികയിലെ പ്രധാന ഹൈലൈറ്റ്. മുസ്‌ലിം യുവാക്കള്‍ ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്ന വലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തമാണ് ലവ് ജിഹാദ്. ഇത്തരത്തില്‍ ലവ് ജിഹാദിന് ശ്രമിക്കുന്ന മുസ്‌ലിം യുവാവിന് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തുമെന്നും പ്രകടനപത്രിക ഉറപ്പു നല്‍കുന്നു.
സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്തുമെന്നും പത്ത് ലക്ഷം കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് കൊണ്ടു വരുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ബി.ജെ.പി പറയുന്നു. ഇതുകൂടാതെ വിധവാ പെന്‍ഷന്‍ 1,500 രൂപയായി ഉയര്‍ത്തുമെന്നും അവര്‍ വാഗ്ദാനം നല്‍കുന്നു.
2017ലെ ബി.ജെ.പിയുടെ പ്രകടന പത്രിക ഉയര്‍ത്തിക്കാട്ടി ‘ബി.ജെ.പി ഇതില്‍ പറഞ്ഞ ഒരു കാര്യവും ചെയ്തില്ല’ എന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയോട്, 2017ലെ തങ്ങള്‍ പ്രഖ്യാപിച്ച 92 ശതമാനം കാര്യങ്ങളും പൂര്‍ത്തിയാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നായിരുന്നു അമിത് ഷായുടെ മറുപടി.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഉത്തര്‍പ്രദേശില്‍ കലാപങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും സ്ത്രീകള്‍ ഇവിടെ സുരക്ഷിതരാണെന്നും പത്രിക പുറത്തിറക്കി അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് മാത്രമാണ് ബി.ജെ.പി തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി പത്തിനാണ് യു.പിയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ്.
ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് മൂന്ന്, മാര്‍ച്ച് ഏഴ് ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഫെബ്രുവരി 20നാണ് അഖിലേഷ് യാദവിന്റെ മണ്ഡലമായ കര്‍ഹാലിലും ആറാം ഘട്ടമായ മാര്‍ച്ച് മൂന്നിനാണ് യോഗിയുടെ മണ്ഡലമായ ഗൊരഖ്പൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നത്