| Wednesday, 10th June 2020, 1:10 pm

യു.പിയില്‍ അസിസ്റ്റന്റ് ടീച്ചര്‍ പരീക്ഷ ടോപ്പര്‍ക്ക് രാഷ്ട്രപതിയുടെ പേരറിയില്ല; നിയമനത്തിലെ അഴിമതി പുറത്തായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അസിസ്റ്റന്റ് ടീച്ചര്‍മാരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷയില്‍ അഴിമതിയാരോപണം. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തിക്ക് ഇന്ത്യയുടെ രാഷ്ട്രപതിയുടെ പേരറിയില്ലെന്നതാണ് വിവാദമായത്.

മത്സര പരീക്ഷയില്‍ 150 മാര്‍ക്കില്‍ 142 ഉം നേടിയ ധര്‍മേന്ദ്ര പട്ടേല്‍ എന്ന യുവാവിനാണ് നിസാര ചോദ്യത്തിന് ഉത്തരം പറയാന്‍ സാധിക്കാതിരുന്നത്. ഇതോടെ നിയമനം നടത്തുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിക്കുന്നുണ്ടെന്നത് സംബന്ധിച്ച് ആരോപണം ഉയര്‍ന്നിരുന്നു.

ഉത്തര്‍ പ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ 69,000 പോസ്റ്റുകളിലേക്ക് നടന്ന അസിസ്റ്റന്റ് അധ്യാപക തസ്തികയില്‍ നിയമനം ലഭിച്ചവരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയതു സംബന്ധിച്ച് പട്ടേലടക്കം 10 പേരെ കഴിഞ്ഞ ദിവസം പ്രയാഗ് പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിന് ശേഷമാണ് പട്ടേലിന്റെ പൊതുവിജ്ഞാനത്തിലെ അറിവില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും പുറത്തുവന്നത്.

സംസ്ഥാനത്ത് അധ്യപക നിയമനം നടന്നുകൊണ്ടിരിക്കെയാണ് വാര്‍ത്ത പുറത്തുവന്നത്. അതിനാല്‍ ബാക്കി വരുന്ന 37,339 പോസ്റ്റുകളും പിടിച്ചുവെക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അഴിമതിയരോപണം വന്നയുടനെ എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നടപടിയെ വെല്ലുവിളിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോവുകയായിരുന്നു.

അതേസമയം വിഷയം ചര്‍ച്ചയായതോടെ വിഷയത്തില്‍ യു.പി സര്‍ക്കാര്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ നിയമച്ചിട്ടുണ്ട്.

അധ്യാപക നിയമനത്തിനായി കൈക്കൂലി വാങ്ങുന്നെന്നാരോപിച്ച് രാഹുല്‍ എന്ന യുവാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ധര്‍മേന്ദ്ര പട്ടേല്‍ തസ്തിക നിയമനത്തില്‍ ഒന്നാമതെത്തിയതില്‍ മുഴുവന്‍ നിയമന പ്രക്രിയയുടെയും സുതാര്യതയെ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു.

അധ്യാപക നിയമന അഴിമതിയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മധ്യപ്രദേശിലെ ‘വ്യാപം’ അഴിമതിയോടാണ് ഉപമിച്ചത്. എന്നാല്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് യു.പി വിദ്യാഭ്യാസ മന്ത്രി സതിഷ് ദ്വിവേദി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more