യു.പിയിലെ ജൈന ക്ഷേത്രത്തിനുള്ളിലെ വിഗ്രഹം തകര്‍ക്കുമെന്ന് എ.ബി.വി.പി; സരസ്വതി വിഗ്രഹം സ്ഥാപിക്കണമെന്ന് ആവശ്യം
national news
യു.പിയിലെ ജൈന ക്ഷേത്രത്തിനുള്ളിലെ വിഗ്രഹം തകര്‍ക്കുമെന്ന് എ.ബി.വി.പി; സരസ്വതി വിഗ്രഹം സ്ഥാപിക്കണമെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th December 2020, 8:16 pm

ലക്‌നൗ: യു.പിയിലെ ഭാഗ്പട്ട് ജില്ലയിലെ ജൈന ക്ഷേത്രവും അതിനുള്ളിലെ വിഗ്രഹവും തകര്‍ക്കുമെന്ന ഭീഷണിയുമായി എ.ബി.വി.പി പ്രവര്‍ത്തകര്‍. ദിഗംബര്‍ ജെയ്ന്‍ കോളെജിനുള്ളിലെ വിഗ്രഹം തകര്‍ക്കുമെന്നാണ് ഭീഷണി.

ക്ഷേത്രത്തിനുള്ളില്‍ ഇപ്പോള്‍ ആരാധിക്കുന്നത് ജൈന ദേവതയായ ശ്രുത് ദേവിയുടെ വിഗ്രഹത്തെയാണ്. ഈ വിഗ്രഹം മാറ്റണമെന്നാണ് എ.ബി.വി.പിയുടെ ആവശ്യം.

ജൈന ദേവതയ്ക്ക് പകരം ഹിന്ദു ദേവതയായ സരസ്വതിയുടെ വിഗ്രഹം ക്ഷേത്രത്തില്‍ സ്ഥാപിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ക്ഷേത്രത്തിനുമുന്നിലെത്തിയ കാവി വസ്ത്രധാരികളായ ചിലര്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്ന് ഭീഷണി മുഴക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

മുപ്പതിലധികം പേരാണ് ഈ ഭീഷണിയുമായി കോളെജിനുള്ളിലെ ക്ഷേത്രത്തിനു മുന്നിലെത്തിയത്. ഏഴ് ദിവസത്തിനകം വിഗ്രഹം മാറ്റിയില്ലെങ്കില്‍ ക്ഷേത്രം തകര്‍ക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കോളെജ് പ്രിന്‍സിപ്പാള്‍ വീരേന്ദ്ര സിംഗ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

സരസ്വതി ദേവിയുടെ വിഗ്രഹം നവീകരിച്ചാണ് ശ്രുത് ദേവിയുടെ വിഗ്രഹം സ്ഥാപിച്ചതെന്ന് ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇത് തെറ്റിദ്ധരിച്ച ചിലരാണ് ഭീഷണിയുമായി രംഗത്തെത്തിയതെന്ന് ബറൗത് സ്റ്റേഷന്‍ ഓഫീസര്‍ അജയ് ശര്‍മ്മ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ABVP Threatens To Demolish  Jain Temple In Up