| Thursday, 24th January 2019, 10:28 pm

യുപിയില്‍ ബി.ജെ.പി തകര്‍ന്നടിയും; എസ്.പി -ബി.എസ്.പി സഖ്യം 51 സീറ്റുകള്‍ നേടും: എ.ബി.പി സി വോട്ടര്‍ സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് എ.ബി.പി ന്യൂസ്- സി വോട്ടര്‍ സര്‍വേ ഫലം.  2014ല്‍ 80 സീറ്റുകളില്‍ 71 സീറ്റുകള്‍ പിടിച്ചെടുത്ത ബി.ജെ.പിക്ക് ഈ വര്‍ഷം 25 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

51 സീറ്റുകളുമായി എസ്.പി-ബി.എസ്.പി സഖ്യം മുന്നേറുമെന്നും സൂചിപ്പിക്കുന്ന സര്‍വേ കോണ്‍ഗ്രിസിന് നാലു സീറ്റുകളാണ് യു.പിയില്‍ പ്രവചിക്കുന്നത്.

2014ല്‍ 73 ലോക്‌സഭാ സീറ്റുകളില്‍ വിജയിച്ച എന്‍.ഡി.എയ്ക്ക് 48 സീറ്റുകളാണ് നഷ്ടപ്പെടുന്നത്. വോട്ടോഹരിയുടെ കാര്യത്തിലും എസ്.പി -ബി.എസ്.പി  സഖ്യമാണ് മുന്നിലുണ്ടാവുക. എന്‍.ഡി.എയ്ക്ക് 42 ശതമാനം വോട്ടോഹരി ഉളളപ്പോള്‍ 43 ശതമാനം വോട്ടോഹരിയാണ്  എസ്.പി -ബി.എസ്.പി സഖ്യം നേടുക. വോട്ടോഹരിയില്‍ ചെറിയ അന്തരം മാത്രമാണെങ്കിലും സീറ്റുകളുടെ കാര്യത്തില്‍ എന്‍.ഡി.എ ഏറെ പിറകിലായിരിക്കുമെന്നും സര്‍വ്വേ പറയുന്നു.

അതേസമയം കിഴക്കന്‍ യു.പിയുടെ ചുമതലയുളള കോണ്‍ഗ്രസിന്റെ ജെനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ പ്രഖ്യാപിക്കും മുമ്പാണ് സര്‍വെ നടത്തിയതെന്ന് സി-വോട്ടര്‍ വ്യക്തമാക്കുന്നുണ്ട്. പ്രിയങ്കയുടെ കടന്നുവരവ് ഈ ഫലത്തില്‍ മാറ്റം ഉണ്ടാക്കിയേക്കാം. എങ്കിലും കോണ്‍ഗ്രസിന് നാല് സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. കൂടാതെ കോണ്‍ഗ്രസിന്റെ വോട്ടോഹരി 12.7 ശതമാനം ആകുമെന്നും പ്രവചനമുണ്ട്. ഒറ്റയ്ക്ക് മത്സരിക്കാനുളള കോണ്‍ഗ്രസിന്റെ തീരുമാനം ഏറെ പ്രതികൂലമായി ബാധിക്കുക എന്‍ഡിഎയെ തന്നെയായിരിക്കുമെന്നും സര്‍വെ ഫലത്തില്‍ പറയുന്നു.

അതേസമയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്നാണ് സര്‍വേ പറയുന്നത്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ 233 സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ 167 സീറ്റുകളും മറ്റുള്ളവര്‍ 143 സീറ്റുകളും നേടുമെന്ന് സര്‍വേ ഫലത്തില്‍ പറയുന്നു. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

ഇതോടെ പ്രാദേശിക പാര്‍ട്ടികളുടെ തീരുമാനം നിര്‍ണ്ണായകമായേക്കും. 2014ല്‍ ലോക്സഭയില്‍ ബി.ജെ.പിക്ക് മാത്രം 283 സീറ്റുകള്‍ ഉണ്ടായിരുന്നു. 543 ലോക്സഭാ സീറ്റുകളില്‍ 336 പ്രതിനിധകളുണ്ടായിരുന്നു എന്‍.ഡി.എയ്ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു.

We use cookies to give you the best possible experience. Learn more