ലഖ്‌നൗ: ഉത്തർപ്രദേശിലെ എട്ട് റെയില്‍വേ സ്‌റ്റേഷനുകളുടെ പേര് സന്യാസികളുടേതാക്കി മാറ്റാനുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വടക്കൻ റെയിൽവേയിലെ ലഖ്‌നൗ ഡിവിഷനിലെ എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുകളിലാണ് മാറ്റം വരുത്തുന്നത്.
റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റുന്നതിനുള്ള ശുഷ്‌കാന്തി ട്രെയിൻ അപകടങ്ങൾ തടയുന്നതിലും സ്റ്റേഷനുകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിലും കാണിക്കണമെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ വിമർശനവുമായി രംഗത്തെത്തിയത്.
‘പേര് മാറ്റൽ കഴിഞ്ഞ് നിങ്ങൾക്ക് ഒഴിവ് കിട്ടുമ്പോൾ, കുറച്ച് സമയമെടുത്ത് റെക്കോർഡുകൾ തകർക്കുന്ന റെയിൽവേ അപകടങ്ങളെക്കുറിച്ച് ചിന്തിക്കുക. അവയെങ്ങനെ തടയാം എന്ന് ആലോചിക്കുക,’ അദ്ദേഹം എക്‌സിൽ കുറിച്ചു.
അമേഠി ജില്ലയിലെ എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് അനുമതി നൽകിയ റെയിൽവേ മന്ത്രാലയത്തിൻ്റെ സമീപകാല പ്രഖ്യാപനത്തിന് മറുപടിയായാണ് അദ്ദേഹം വിമർശനവുമായെത്തിയത്.
കാസിംപൂര്‍ ഹാള്‍ട്ട് റെയില്‍വേ സ്‌റ്റേഷന്‍ ജെയ്‌സിറ്റി റെയില്‍വേ സ്‌റ്റേഷനെന്നും, മിസ്രൗളി സ്റ്റേഷൻ കാലികാന്‍ ധാം എന്നും അറിയപ്പെടുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കൂടാതെ നിഹാല്‍ഗര്‍ സ്‌റ്റേഷന്‍ മഹാരാജ ബിജിലി പാസിയെന്നും അക്ബർഗഞ്ച് സ്റ്റേഷൻ മാ അഹോര്‍വാ ധാം എന്നും ഫുല്‍സത്ത് ഗഞ്ച് തപേശ്വര രാജ് എന്നും അമർ ഷാഹിദ് ഭലേ സുൽത്താൻ, ഫുർസത്ഗഞ്ച് തപേശ്വർനാഥ് ധാം എന്നും മാറ്റി.
അമേഠിയുടെ സാംസ്കാരിക തനിമയും പൈതൃകവും കാത്തുസൂക്ഷിക്കണമെന്ന മുൻ ബി.ജെ.പി എം.പി സ്മൃതി ഇറാനിയുടെ ശുപാർശയെ തുടർന്നാണ് സ്റ്റേഷനുകളുടെ പേര് മാറ്റിയത്.
പ്രമുഖ ഗുരു ഗോരഖ്‌നാഥ് ധാം ആശ്രമം ജെയ്‌സ് സ്‌റ്റേഷനു സമീപമായതിനാലാണ് സ്‌റ്റേഷൻ്റെ പേര് ആശ്രമത്തിൻ്റെ പേരിൽ മാറ്റാൻ നിർദേശിച്ചതെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
മിശ്രൗലി, ബാനി, അക്ബർഗഞ്ച്, ഫുർസത്ഗഞ്ച് റെയിൽവേ സ്റ്റേഷനുകൾക്ക് സമീപം ശിവൻ്റെയും കാളിയുടെയും നിരവധി ക്ഷേത്രങ്ങൾ ഉണ്ടെന്നും അതനുസരിച്ച് അവ പുനർനാമകരണം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഭൂരിഭാഗം കർഷകരും പാസികളുടെ ഗണ്യമായ ജനസംഖ്യയുള്ള പ്രദേശത്താണ് നിഹാൽഗഡ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അതിനാൽ സമുദായത്തിൽ നിന്നുള്ള രാജാവായ മഹാരാജ ബിജിലി പാസിയുടെ പേരിൽ സ്റ്റേഷന്റെ പേര് മാറ്റി എന്നും അദ്ദേഹം പറഞ്ഞു.
Content Highlight: UP: 8 Lucknow railway stations renamed; Akhilesh criticises BJP