| Monday, 11th December 2017, 10:00 am

ഫ്രഞ്ച് വിനോദസഞ്ചാരികള്‍ക്ക് നേരെ യു.പിയില്‍ ആക്രമണം; മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദേശികള്‍ ആശുപത്രിയില്‍; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിര്‍സാപൂര്‍: യു.പിയില്‍ ഫ്രഞ്ച് വിനോദസഞ്ചാരികള്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം. മിര്‍സാപൂരിലെ അഹാരുര മേഖലയില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

പ്രദേശത്തെ തന്നെ യുവാക്കളാണ് ആക്രമണത്തിന് പിന്നില്‍. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായി യു.പി പൊലീസ് അറിയിച്ചു. ഫ്രഞ്ച് പൗരന്‍മാരായ പതിനൊന്ന് പേര്‍ക്കെതിരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ വിനോദസഞ്ചാരികളെ മിര്‍സാപൂര്‍ ആശുപത്രിയില്‍ പ്രവേശിച്ചു.

“”പ്രദേശത്തെ ചില യുവാക്കള്‍ വിദേശികളെ മര്‍ദ്ദിക്കുകയും അപമാനിക്കുകയുമായിരുന്നു. ഞാന്‍ അവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ എന്നേയും അവര്‍ മര്‍ദ്ദിച്ചു. കൂടുതല്‍ പേരെ വിളിച്ചുവരുത്തി അവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രതിരോധിക്കാനായി ഞങ്ങള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ക്രൂരമായാണ് അവര്‍ പെരുമാറിയത്.”” ഫ്രഞ്ച് സ്വദേശികളുടെ യു.പിയിലെ സുഹൃത്തായ റിയാ ദത്ത് എ.എന്‍.ഐയോട് പ്രതികരിച്ചു.

യാതൊരു പ്രകോപനവും കൂടാതെയാണ് അവര്‍ ആക്രമണം അഴിച്ചുവിട്ടത്. വടികളുപയോഗിച്ചായിരുന്നു അടിച്ചത്. എന്റെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.- ആക്രമണത്തിന് വിധേയനായ വ്യക്തിയുടെ വാക്കുകളാണ് ഇത്.

അതേസമയം വിദേശികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന നിലപാടിലാണ് പൊലീസ്. കഴിഞ്ഞ ദിവസം യു.പിയിലെ സൊന്‍ബാന്ദ്ര ജില്ലയിലെ റെയില്‍വേസ്റ്റേഷനില്‍വെച്ച് ജര്‍മന്‍ സ്വദേശിയ്ക്ക് നേരേയും ആക്രമണം നടന്നിരുന്നു. ഇക്കഴിഞ്ഞ ഒക്ടബോര്‍ 26 ന് ഫത്തേപൂര്‍ സിക്രി സന്ദര്‍ശിക്കാനെത്തിയ സ്വിസ് ദമ്പതികള്‍ക്ക് നേരെയുണ്ടായ ആക്രമണം വലിയ വിവാദമാകുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more