അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കി യോഗി സര്‍ക്കാര്‍; പട്ടികയില്‍ ഭൂരിപക്ഷവും മുസ്ലീം ഇതര വിഭാഗക്കാര്‍
national news
അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കി യോഗി സര്‍ക്കാര്‍; പട്ടികയില്‍ ഭൂരിപക്ഷവും മുസ്ലീം ഇതര വിഭാഗക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2020, 12:06 pm

 

ലക്‌നൗ: പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശിലെ 19 ജില്ലകളിലേക്ക് എത്തിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കി യോഗി സര്‍ക്കാര്‍. ഈ പട്ടിക കേന്ദ്ര ആഭ്യന്തരമന്താലയത്തിന് കൈമാറി. പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലീം ഇതര കുടിയേറ്റക്കാരാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത പ്രക്ഷോഭം നടക്കുന്നതിനിടയിലും പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച ആദ്യ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പട്ടിക തയ്യാറാക്കുന്നതിനൊപ്പം കുടിയേറ്റക്കാരുടെ ജീവിത സാഹചര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച്ച അതത് പ്രദേശത്ത് താമസിക്കുന്ന പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ കുടിയേറ്റക്കാരെ കണ്ടെത്തി അതിന്റെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

ആഗ്ര, റായ്ബറേലി, ഷഹാറന്‍പൂര്‍, ഗോരഖ്പൂര്‍, അലിഗണ്ഡ്, റാംപൂര്‍, മുസഫര്‍നഗര്ഡ, ഹാംപൂര്‍, മഥുര, കാണ്‍പൂര്‍, വാരാണസി, അമേഠി, ത്സാന്‍സി, ലഖിംപൂര്‍ ഖേരി, ലക്‌നൗ, മീററ്റ് , പിലിബിട് തുടങ്ങിയ ജില്ലകളിലായി 40000 ലധികം അനധികൃത മുസ്ലീം ഇതര കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതില്‍ തന്നെ 30000 മുതല്‍ 35000 പേര്‍ വരെ തങ്ങിയിരിക്കുന്നത് പിലിബിട്ട് ജില്ലയിലാണ്.

ബംഗ്ലാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള കുടിയേറ്റക്കാരില്‍ നിന്നും ഭൂരിഭാഗവും ഇന്ത്യയിലേക്ക് എത്തിയത് ജീവിത സാഹചര്യങ്ങള്‍ കൊണ്ടാണെന്നാണ് റിപ്പോര്‍ട്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ