ലക്‌നൗ: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത് ഒരു ഉത്തരക്കടലാസാണ്. യുപിയിലെ ബോര്‍ഡ് എക്‌സാമില്‍ വിദ്യാര്‍ത്ഥിനി തന്നെ തോല്‍പ്പിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട് ഉത്തരക്കടലാസില്‍ എഴുതിയ വാക്കുകളാണ് സംസാര വിഷയമാറിയിരിക്കുന്നത്.
” ഞാനൊരു പെണ്‍കുട്ടിയാണ്. വരുന്ന ജൂണ്‍ 28 ന് എന്റെ കല്യാണമാണ്. എന്നെ പാസാക്കി തരണം. ഇല്ലെങ്കില്‍ വീട്ടുകാര്‍ ദേഷ്യപ്പെടും, സാര്‍.” എന്നായിരുന്നു പെണ്‍കുട്ടി തന്റെ ഉത്തരക്കടലാസില്‍ എഴുതിയത്.
യുപി ബോര്‍ഡ് എക്‌സാമില്‍ ഇത്തരം അപേക്ഷകള്‍ സര്‍വ്വ സാധാരണമാണെന്നാണ് അധ്യാപകരും അധികൃതരും പറയുന്നത്. ഉത്തരത്തേക്കാള്‍ കൂടുതലും ഇത്തരത്തിലുള്ള അപേക്ഷകളാത്രേ ഉത്തരക്കടലാസില്‍ ഉണ്ടാവുക. ജയിപ്പിക്കാന്‍ പല കാരണങ്ങളും വിദ്യാര്‍ത്ഥികള്‍ പറയാറുണ്ട്. കല്യാണം മുതല്‍ ജോലിയും റാങ്കും വീട്ടുകാരുടെ ദേഷ്യവുമെല്ലാം അപേക്ഷകളില്‍ നിറയുമെന്നാണ് അധ്യാപകര്‍ പറയുന്നത്.
അപേക്ഷകള്‍ മാത്രമല്ല, ചിലര്‍ സ്വാധീനിക്കാനും ശ്രമിക്കാറുണ്ട്. അമ്പതിന്റേയും നൂറിന്റേയും നോട്ടുകള്‍ പരീക്ഷ പേപ്പറിനൊപ്പം ചേര്‍ത്തു വെച്ചാണ് സ്വാധീന ശ്രമങ്ങള്‍. ഇത്തരത്തിലൊരിക്കല്‍ നൂറ് രൂപ നോട്ട് പരീക്ഷപേപ്പറിനൊപ്പം കിട്ടിയതിനെ കുറിച്ച് രാജ്കിയ ഇന്റര്‍ കോളേജിലെ അധ്യാപകന്‍ പറയുന്നുണ്ട്. റിഫ്രഷ്‌മെന്റിനുള്ളത് എന്നായിരുന്നുപോലും പണത്തോടൊപ്പമുള്ള കുറിപ്പിലുണ്ടായിരുന്നത്.
എന്നാല്‍ ഇത്തരം സ്വാധീന ശ്രമങ്ങളിലൊന്നും തങ്ങള്‍ വീണു പോകില്ലെന്ന് അധ്യാപകര്‍ പറയുന്നു. അധ്യാപകര്‍ പ്രൊഫഷണലുകളാണെന്നും കൃത്യമായ മാനദണ്ഡത്തിലൂടെ മാത്രമേ മാര്‍ക്ക് നല്‍കുകയുള്ളൂ എന്നും അവര്‍ പറയുന്നു. അതേസമയം ബോര്‍ഡ് എക്‌സാമിന്റെ ഇവാലുവേറ്റര്‍മാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളില്‍ അതൃപ്തിയുണ്ടെന്നും ചിലര്‍ പറയുന്നു.