Advertisement
Entertainment
അയ്യേ എന്ന് പറയിപ്പിക്കുന്ന ഇന്ത്യന്‍ 2വിലെ എ.ഐ
അമര്‍നാഥ് എം.
2024 Jul 15, 07:13 am
Monday, 15th July 2024, 12:43 pm

വി.എഫ്.എക്‌സിന്റെ അനന്ത സാധ്യതകള്‍ ഉപയോഗിച്ച് പ്രേക്ഷകനെ അമ്പരപ്പിക്കാന് ഷങ്കറിനോളം പോന്ന സംവിധായകന്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ ഇല്ല എന്ന് തന്നെ പറയാം. മോഷന്‍ ക്യാപ്ചര്‍ പോലുള്ള ടെക്‌നോളജി ഇന്ത്യന്‍ സിനിമയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സമയത്ത് ആദ്യമായി തന്റെ സിനിമയില്‍ ഉപയോഗിച്ച് സിനിമാലോകത്തെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് ഷങ്കര്‍. ജീന്‍സ് എന്ന സിനിമയിലെ ഗാനരംഗങ്ങള്‍ ഇന്ന് കാണുമ്പോഴും ആദ്യം കാണുന്ന ഫ്രഷ്‌നസ്സ് നമുക്ക് ലഭിക്കുന്നുണ്ട്.

ഷങ്കര്‍ എന്ന സംവിധായകന്റെ ക്രിയേറ്റിവിറ്റി അതിന്റെ ഉച്ചസ്ഥായിയില്‍ കാണിച്ച സിനിമയായിരുന്നു എന്തിരന്‍. സയന്‍സ് ഫിക്ഷന്‍ സബ്ജക്ടിനെ കൊമേഴ്‌സ്യല്‍ സിനിമക്ക് ചേരുന്ന തരത്തിലേക്ക് ബ്ലെന്‍ഡ് ചെയ്ത എന്തിരന്‍ ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകളിലൊന്നാണ്. ചിത്രത്തിന്റെ അവസാന 20 മിനിറ്റോളമെത്താന്‍ പിന്നീട് ഷങ്കര്‍ ചെയ്ത 2.0ക്ക് പോലും സാധിച്ചിട്ടില്ല.

സിനിമയുടെ സാങ്കേതിക വിദ്യ എത്രത്തോളം വളരുന്നുണ്ടോ അതെല്ലാം തന്റെ സിനിമയില്‍ ഏതുവിധേനയും പരീക്ഷിക്കാന്‍ താത്പര്യപ്പെടുന്ന സംവിധായകനാണ് ഷങ്കര്‍. പ്രോസ്‌തെറ്റിക് മേക്കപ്പിന്റെ ഉപയോഗം ഐ എന്ന സിനിമയില്‍ വളരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ഷങ്കറിന് സാധിച്ചു. എന്നാല്‍ പിന്നീട് അദ്ദേഹം ചെയ്ത രണ്ട് സിനിമകളിലും ടെക്‌നോളജിപരമായ കാര്യങ്ങള്‍ മാത്രമേ മികച്ചതായി വന്നിട്ടുള്ളൂ. പ്രേക്ഷകനുമായി അവയെ കണക്ട് ചെയ്യിക്കാന്‍ ഷങ്കറിന് സാധിച്ചിട്ടില്ല.

ഏറ്റവുമൊടുവില്‍ റിലീസായ ഇന്ത്യന്‍ 2വിലും അദ്ദേഹം സാങ്കേതിക വിദ്യകളെ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയിലെ പ്രധാന താരങ്ങളായ നെടുമുടി വേണു, വിവേക്, മനോബാല എന്നിവര്‍ ഷൂട്ടിനിടെ മരണപ്പെട്ടിരുന്നു. അവരുടെ ബാക്കി സീനുകള്‍ വേറൊരു ആര്‍ട്ടിസ്റ്റിനെക്കൊണ്ട് അഭിനയിപ്പിക്കുകയും എ.ഐ ഉപയോഗിച്ച് പുനഃസൃഷ്ടിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

വിവേകിന്റെ സീനുകള്‍ എ.ഐ ഉപയോഗിച്ച് ചിത്രീകരിച്ചത് നന്നായി തോന്നിയെങ്കിലും മനോബാല, നെടുമുടി വേണു എന്നിവരുടെ സീനുകള്‍ അമ്പേ പാളിയതായി തോന്നി. മലയാള സിനിമയില്‍ ഒരുപാട് കാലമായി പ്രവര്‍ത്തിക്കുന്ന നന്ദു പൊതുവാളാണ് നെടുമുടി വേണുവിന് പകരം അഭിനയിച്ചത്. എന്നാല്‍ ആ സീനുകളെല്ലാം വല്ലാതെ മുഴച്ചുനില്‍ക്കുന്നതായി അനുഭവപ്പെട്ടു.

നെടുമുടി വേണുവാണോ, നന്ദു പൊതുവാളാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരുന്നു ആ സീനുകള്‍. മനോബാലയുടെ സീനുകളിലും ഇതേ കല്ലുകടി അനുഭവപ്പെട്ടിരുന്നു. എ.ഐ ഉപയോഗിച്ച സീനുകള്‍ കാണുമ്പോള്‍ അയ്യേ എന്ന് തോന്നിപ്പോയി. ഒരു കാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സംവിധായകരിലൊരാളായ ഷങ്കര്‍ തന്റെ കുറവുകള്‍ പരിഹരിച്ച് തിരിച്ചുവരുമെന്ന് തന്നെയാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.

Content Highlight: Unwanted use of AI in Indian 2

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം