മാറ്റിവെച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടക്കുന്ന പരിശീലന മത്സരത്തില്‍ ഇന്ത്യ ലെസ്റ്റര്‍ഷെയറുമായി ഏറ്റുമുട്ടുകയാണ്. മൂന്നാം ദിവസം മത്സരം അവസാനിച്ചപ്പോള്‍ 364-9 എന്ന നിലയിലാണ് ഇന്ത്യ. 56 റണ്ണുമായി ജഡേജയും ഒരു റണ്ണുമായി മുഹമ്മദ് സിറാജുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.
സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കാണിച്ചുകൂട്ടുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ ടീമിനെ പല താരങ്ങളും ലെസ്റ്റര്‍ഷെയറിന് വേണ്ടിയായിരുന്നു കളിക്കാനിറങ്ങിയത്. റിഷബ് പന്ത്, ചേത്വേശ്വര്‍ പൂജാര, ജസ്പ്രിത് ബുംറ എന്നീ പ്രമുഖ താരങ്ങള്‍ ലെസ്റ്റര്‍ഷെയറിന് വേണ്ടിയായിരുന്നു കളിച്ചത്.
പരിശീലന മത്സരത്തില്‍ കളിക്കുന്നത് അന്താരാഷ്ട്ര കളിക്കാരാണോ അതോ കണ്ടം കളിയിലെ ടീമാണോ എന്ന് കളി കാണുന്ന എല്ലാവരും സംശയിച്ചു കാണും. ഒരേ ഇന്നിങ്‌സില്‍ ഒരേ ബാറ്റര്‍ രണ്ട് തവണ ബാറ്റ് ചെയ്യുക, സ്‌ക്വാഡില്‍ ഇല്ലാത്തവര്‍ കളിക്കാനിറങ്ങുക ഇതിനോടൊപ്പം ഒരേ താരം തന്നെ രണ്ട് ടീമിനായി ബാറ്റ് ചെയ്യുക!
ഇതുപോലെയുള്ള പ്രവര്‍ത്തികളാണ് ഇന്ത്യന്‍ ടീം കാണിച്ചുകൂട്ടുന്നത്. ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഒരു ഇന്നിങ്‌സില്‍ രണ്ട് തവണയാണ് ബാറ്റ് ചെയ്തത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലായിരുന്നു ഇരുവരും രണ്ട് തവണ ബാറ്റ് ചെയ്തത്.
ആദ്യ ഇന്നിങ്‌സില്‍ അയ്യര്‍ പൂജ്യവും ജഡേജ 13 റണ്ണുമായിരുന്നു നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ അയ്യര്‍ ആദ്യം 30 റണ്ണുമായി ഔട്ടായിരുന്നു എന്നാല്‍ താരം വീണ്ടും ക്രീസിലെത്തി. പിന്നീട് തന്റെ സ്‌കോര്‍ 62 ല്‍ എത്തിയിട്ടാണ് താരം ക്രീസ് വിട്ടത്. മറുവശത്ത് ജഡേജ രണ്ടാം ഇന്നിങ്‌സില്‍ ആദ്യ ബാറ്റ് ചെയതപ്പോള്‍ പൂജ്യം റണ്ണുമായി പുറത്തായിരുന്നു.
എന്നാല്‍ രണ്ടാം വരവില്‍ 56 റണ്ണുമായി പുറത്താകാതെ നില്‍ക്കുകയാണ് താരം. കണ്ടം ക്രിക്കറ്റില്‍ പോലും ഇത്തരത്തില്‍ നിയമമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇത് പരിശീലന മത്സരമാണെന്നും കളിക്കാര്‍ക്ക് പരിശീലനം ആകാന്‍ ഇങ്ങനെ ചെയ്യുന്നതില്‍ കുഴപ്പം ഇല്ലെന്ന് വാദിക്കുന്നവരുമുണ്ട്.
ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്ററായ പൂജാര ഇരു ടീമുകള്‍ക്കും വേണ്ടി ബാറ്റ് ചെയ്തിരുന്നു. ലെസ്റ്റര്‍ഷെയറിന് വേണ്ടിയായിരുന്നു താരം കളത്തിലിറങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ ലെസ്റ്റര്‍ഷെയറിന് വേണ്ടി ഇറങ്ങിയ പൂജാര പൂജ്യത്തിന് മടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ താരം ഇന്ത്യക്കായി ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയായിരുന്നു.
എന്നാല്‍ ഇന്ത്യക്കായി വെറും 22 റണ്ണെടുത്ത് താരം പുറത്താകുകയായിരുന്നു. ഗള്ളി ക്രിക്കറ്റിലെ ‘കോമണ്‍’ എന്നു വിളിപ്പേരുള്ള കളിക്കാര്‍ ഇരു ടീമിനും വേണ്ടി ബാറ്റ് ചെയ്യാറുണ്ട്. പൂജാര ഗള്ളി ക്രിക്കറ്റിലെ കോമണ്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്.
സ്‌ക്വാഡില്‍ ഇല്ലാതിരുന്ന നെറ്റ് ബൗളര്‍മാരായിരുന്ന നവ്ദീപ് സെയ്‌നി, സായ് കിഷോര്‍, കമലേഷ് നാഗര്‍കോട്ടി എന്നിവര്‍ കളത്തിലറങ്ങിയതാണ് മറ്റൊരു കൗതുകം.
എന്തായാലും ട്വിറ്ററില്‍ ഒരുപാട് ട്രോളുകളാണ് ഇതിന്റെ പേരില്‍ ഇന്ത്യന്‍ ടീമിന് ലഭിക്കുന്നത്.
Content Highlights: Unusual Scenes at India’s practice match as Jadeja and Shreyas Iyer batted twice in an innings