തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചു പൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സംസ്ഥാന സര്‍ക്കാരിന്റെയോ സി.ബി.എസ്.ഇയുടെയോ അംഗീകാരമില്ലാതെ അനധികൃതമായും, സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെയും, അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയും, ചിലയിടങ്ങളില്‍ എയ്ഡഡ് സ്‌കൂളുകളോട് ചേര്‍ന്നും, നിരവധി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള പരാതികളിന്മേല്‍ ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് പുതിയ ഉത്തരവ്.
ഉറപ്പില്ലാത്ത ചുവരുകള്‍, ഷെഡ്ഡുകള്‍, മേല്‍ക്കൂര പോലുമില്ലാത്ത സ്‌കൂളുകള്‍, മല-മൂത്ര വിസര്‍ജ്ജനത്തിനു പോലും വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലാത്ത അവസ്ഥ എന്നിവയാണ് ബാലാവകാശ കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
45 ദിവത്തിനുള്ളില്‍ ഉത്തരവിന്മേല്‍ മറുപടി നല്‍കണമെന്നും അടുത്ത അധ്യയന വര്‍ഷം ഇത്തരം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും കമ്മീഷന്‍ പറഞ്ഞു.
ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് കമ്മീഷന്റെ തീരുമാനം.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയിലെ അംഗീകാരമുള്ള സ്‌കൂളുകളുടെ പട്ടിക തയാറാക്കി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും പൊതുജനങ്ങളുടെ അറിവിലേക്ക് പത്ര,ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും ഉത്തരവുണ്ട്.