| Monday, 2nd December 2024, 12:52 pm

സുരക്ഷാ കാരണങ്ങളാൽ പ്രധാന ഗസ ക്രോസിങ്ങിലൂടെയുള്ള സഹായ വിതരണം യു.എൻ.ആർ.ഡബ്ള്യു.എ താത്ക്കാലികമായി നിർത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിലേക്കുള്ള സഹായങ്ങൾ നൽകുന്ന പ്രധാന പ്രവേശന കേന്ദ്രമായ കെരെം ഷാലോം ക്രോസിങ്ങിലൂടെയുള്ള സഹായ വിതരണം താത്കാലികമായി നിർത്താൻ ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസി തീരുമാനിച്ചതായി റിപ്പോർട്ട്.

സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഇസ്രഈലിനും ഗസയ്ക്കും ഇടയിലുള്ള പ്രധാന ക്രോസിങ് വഴിയുള്ള ഡെലിവറികൾ താത്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഫലസ്തീനികൾക്കുള്ള സഹായം നൽകുന്ന യു.എൻ ഏജൻസി അറിയിക്കുകയായിരുന്നു.

കെരെം ഷാലോം ക്രോസിങ്ങിന് സമീപം അടുത്തിടെ രണ്ട് വാഹനവ്യൂഹങ്ങൾ സായുധ സംഘങ്ങൾ കൊള്ളയടിച്ചതായും ക്രമസമാധാന പാലനത്തിന് ഇസ്രഈലിനോട് ആഹ്വാനം ചെയ്തതായും അൻവയുടെ തലവൻ ഫിലിപ്പ് ലസാരിനി പറഞ്ഞു.

ക്ഷാമത്തിൻ്റെ വക്കിലെന്ന് യു.എൻ മുന്നറിയിപ്പ് നൽകിയ ഗസയിലെ രണ്ട് ദശലക്ഷത്തിലധികം ആളുകൾക്ക് സഹായം എത്തിക്കുന്നതിനുള്ള പ്രധാന മാർഗമാണ് കെരെം ഷാലോം.

നവംബർ 16 ന്, ഒരു വലിയ ട്രക്ക് സായുധ സംഘങ്ങൾ മോഷ്ടിച്ചിരുന്നു. , ശനിയാഴ്ച ഏതാനും ഫുഡ് ട്രക്കുകളും കൊണ്ടുപോയതായി യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ് ഇൻ ദ നിയർ ഈസ്റ്റ് (UNRWA) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പറഞ്ഞു.

ഗസയിൽ പട്ടിണി അതിവേഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ ദുഷ്‌കരമായ തീരുമാനമെന്ന് യു.എൻ.ആർ.ഡബ്ല്യു.എ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി എക്‌സിൽ പറഞ്ഞു.

നവംബർ 16 ന്, ഭക്ഷണവുമായി വരികയായിരുന്ന 109 ലോറികളുടെ ഒരു വാഹനവ്യൂഹത്തെ മുഖംമൂടി ധരിച്ച ആളുകൾ ആക്രമിച്ച് ഡ്രൈവർമാരെ തോക്കിന് മുനയിൽ നിർത്തി 97 ലോറികൾ മോഷ്ടിച്ചു.

ഒരു കുപ്രസിദ്ധ ഗസൻ കുടുംബം പിന്നീട് രണ്ട് ദിവസത്തേക്ക് കെരെം ഷാലോമിൽ നിന്ന് പോകുന്ന പ്രധാന റോഡ് തടഞ്ഞതായും സഹായ വിതരണ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ലോറികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തതായും റിപ്പോർട്ട് ഉണ്ട്.

ഇസ്രഈൽ -ഗസ അതിർത്തിയിലെ നിയന്ത്രിത മേഖലയിൽ ഇസ്രഈൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) കണ്ണിൽ പെടുന്ന ദൂരത്താണ് സായുധരായ ആളുകൾ പ്രവർത്തിക്കുന്നതെന്ന് സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ആരോപിച്ചു.

Content Highlight: UNRWA pauses aid delivery through main Gaza crossing over safety concerns

We use cookies to give you the best possible experience. Learn more