| Saturday, 4th May 2024, 6:11 pm

ഗസയില്‍ ഓരോ ദിവസവും ശരാശരി 37കുട്ടികള്‍ക്ക് അമ്മമാരെ നഷ്ടപ്പെടുന്നു; യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഗസയില്‍ ഓരോ ദിവസവും ശരാശരി 37 കുട്ടികള്‍ക്ക് അവരുടെ അമ്മമാരെ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ലൂ.എയുടെതാണ് റിപ്പോര്‍ട്ട്.

യുദ്ധം ആരംഭിച്ചതിന് ശേഷം ഫലസ്തീനിലെ സ്ത്രീകള്‍ നേരിടേണ്ടി വന്ന ക്രൂരതകളാണ് യു.എന്‍.ആര്‍.ഡബ്ലൂ.എ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് ആഗോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

യു.എന്‍.ആര്‍.ഡബ്ലൂ.എയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇവരില്‍ ഭൂരിഭാഗം സ്ത്രീകളും അമ്മമാരാണ്. അതായത് ഗസയില്‍ ഓരോ ദിവസവും ശരാശരി 37 കുട്ടികള്‍ക്ക് അവരുടെ അമ്മമാരെ നഷ്ടപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിന് പുറമേ ഗസയിലെ ഒരു ലക്ഷത്തിലധികം ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വെള്ളവും സാനിറ്ററി ഉത്പന്നങ്ങളും ലഭിക്കാതെ വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നതെന്നും യു.എന്‍.ആര്‍.ഡബ്ലൂ.എ പറയുന്നു.

യഥാര്‍ത്ഥത്തില്‍ ഇസ്രഈല്‍ സേന യുദ്ധം ചെയ്യുന്നത് ഫലസ്തീനിലെ സ്ത്രീകള്‍ക്കെതിരെയാണെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ കണക്ക് അനുസരിച്ച് ഗസയില്‍ ഇതുവരെ 10,000ത്തിലേറെ സ്ത്രീകൾ കൊല്ലപ്പെടുകയും 19,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

യുദ്ധം തുടങ്ങി ഏഴ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ആകെ 34,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും 77,000ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റെന്നുമാണ് ഗസയിലെ ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്ക്.

അതിനിടെ ഇസ്രഈല്‍ തകര്‍ത്ത കെട്ടിടങ്ങള്‍ക്കടിയില്‍ പുറത്തെടുക്കാത്ത പതിനായിത്തിലേറെ മൃതദേഹങ്ങള്‍ ഉണ്ടെന്ന് അടുത്തിടെ ഫലസ്തീനിലെ സിവില്‍ ഡിഫന്‍സ് പുറത്തുവിട്ട കണക്കിൽ പറയുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാനുള്ള ഉപകരണങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മൃതദേഹങ്ങള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ മൂന്നും നാലും വര്‍ഷം സമയമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlight: Unrwa: 37 children lose mothers every day in Gaza

We use cookies to give you the best possible experience. Learn more