സ്വപ്‌നം പോലെ പ്രവചനാതീതം; എല്‍.ജെ.പി എന്ന ഫിലിം മേക്കര്‍
Film News
സ്വപ്‌നം പോലെ പ്രവചനാതീതം; എല്‍.ജെ.പി എന്ന ഫിലിം മേക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st January 2023, 9:51 pm

ഒരു പകല്‍ ഉറക്കത്തില്‍ സംഭവിച്ച മനോഹരമായ സ്വപ്‌നം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍ പകല്‍ നേരത്ത് മയക്കത്തെ മറ്റൊരു തരത്തില്‍ വിശേഷിപ്പിക്കാനാവില്ല. സ്വപ്‌നം പോലെ മനോഹരമായ, ഉണരരുതേ എന്നാഗ്രഹിക്കുന്നു സിനിമ. പരസ്പരം ഒരു ബന്ധവുമില്ലാത്ത രണ്ട് വ്യക്തികളും അവര്‍ക്കും ചുറ്റുമുള്ളവരും ഒന്നിക്കുമ്പോഴുണ്ടാകുന്ന ഒരു മനോഹാരിത ഉണ്ട് നന്‍ പകലില്‍.

മൂവാറ്റുപുഴയില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടന യാത്രക്ക് പോകുന്ന ജെയിംസിന്റെ തേതൃത്വത്തിലുള്ള സംഘത്തിലാണ് കഥ തുടങ്ങുന്നത്. തിരികെയുള്ള യാത്രക്കിടയില്‍ ഉറക്കത്തില്‍ നിന്നും ഉണരുന്ന ജെയിംസ് പുറത്ത് കാണുന്ന ചോളപ്പാടത്തില്‍ വണ്ടി നിര്‍ത്തിക്കുന്നു. ബസില്‍ നിന്നുമിറങ്ങിയ ജെയിംസ് ചോളപ്പാടത്തിനപ്പുറമുള്ള തമിഴ് ഗ്രാമത്തിലേക്ക് നടന്നുപോകുന്നു. പിന്നീട് ഇദ്ദേഹത്തെ അവിടെ നിന്നും പറഞ്ഞുവിടാന്‍ നാട്ടുകാരും തിരികെ കൊണ്ടുപോകാന്‍ ഒപ്പം വരുന്ന സംഘത്തിന്റെയും ശ്രമങ്ങളിലൂടൊണ് കഥ മുന്നേറുന്നത്.

സാധാരണ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് നന്‍ പകല്‍. എല്‍.ജെ.പിയില്‍ നിന്നും ഇതുപോലെ ശാന്തമായ ഒരു സിനിമ ആരും പ്രതീക്ഷിച്ചുകാണില്ല. എന്നാല്‍ നായകന്‍ മുതലുള്ള ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഈ അപ്രവചനീയത കാണാനാവും.

ഇതിന് മുമ്പ് ഇറങ്ങിയ എല്‍.ജെ.പി. ചിത്രം നോക്കുക. നിഗൂഢതയും ദുരൂഹതയും ഒളിപ്പിച്ച ചുരുളി എന്ന ഗ്രാമത്തിലേക്ക് ഒരു ക്രിമിനലിനെ അന്വേഷിച്ചെത്തുന്ന രണ്ട് പൊലീസ് ഉദ്യേഗസ്ഥരിലൂടെയാണ് ആ ചിത്രം മുന്നേറുന്നത്. ചുരുളിയില്‍ നിന്നും അവിടുത്തെ മനുഷ്യരില്‍ നിന്നും തികച്ചും വ്യത്യസ്തരാണ് നന്‍ പകലിലെ തമിഴ് ഗ്രാമീണര്‍.

ജല്ലിക്കട്ടിലേക്ക് കടന്നാലും പോത്തിന് പിന്നാലെ പായുന്ന വന്യരായ മനുഷ്യരെയാണ് കാണുന്നത്. മനുഷ്യമനസിലെ മൃഗത്തെയാണ് ജല്ലിക്കട്ടില്‍ കാണാനാവുന്നത്. അങ്കമാലിയിലെ ഒരു കൂട്ടം യുവാക്കളെ കേന്ദ്രീകരിച്ച അങ്കമാലി ഡയറീസും കുമരങ്കിരിയിലെ സോളമന്റെയും സോഫിയുടെയും പ്രണയ കഥ പറഞ്ഞ ആമേനും ഈ.മ.യൗവും സിറ്റി ഓഫ് ഗോഡും നായകനുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം.

ഓരോ സിനിമയും ഓരോ രീതിയിലാണ് എല്‍.ജെ.പി കണ്‍സീവ് ചെയ്യുന്നത്. ഔട്ട് ഓഫ് ദി ബോക്‌സ് ചിന്തിച്ച് പരമ്പരാഗതമായ കഥാപാത്ര സങ്കല്‍പങ്ങളെ രൂപപ്പെടുത്തിയെടുക്കാനുമാണ് ലിജോ എപ്പോഴും ശ്രമിച്ചിട്ടുള്ളത്.

Content Highlight: unpredictability of lijo jose pellisseri as a film maker