| Saturday, 11th November 2017, 9:23 am

'അഴിമതി കേസില്‍ എഫ്.ഐ.ആറില്‍ പേരുള്ള താങ്കള്‍ എങ്ങനെയാണ് ഈ കേസില്‍ വാദംകേള്‍ക്കുക?' ജഡ്ജിമാര്‍ക്കെതിരായ അഴിമതിക്കേസില്‍ ചീഫ് ജസ്റ്റിസിനെ ചോദ്യം ചെയ്ത് പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജഡ്ജിമാരുള്‍പ്പെട്ട അഴിമതിക്കേസ് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ചീഫ് ജസ്റ്റിസിന്റെ നീക്കത്തെ ഹര്‍ജിക്കാരനുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ചോദ്യം ചെയ്തതാണ് കോടതിയില്‍ നാടകീയമായ സംഭവങ്ങള്‍ക്കു വഴിവെച്ചത്.

ഒഡീഷ ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി മെഡിക്കല്‍ കോളജ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഭവത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയിലെ ഏറ്റവും സീനിയറായ അംഗങ്ങളെ ഉള്‍പ്പെടുത്തി ബെഞ്ച് രൂപീകരിക്കാനായിരുന്നു നിര്‍ദേശം.

എന്നാല്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിന്റെ ഉത്തരവ് മറികടക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വെള്ളിയാഴ്ച അഞ്ചംഗ ബെഞ്ച് വിളിച്ചുചേര്‍ക്കുകയും ബെഞ്ച് രൂപവത്കരിക്കാനും അതില്‍ ആരെല്ലാം വേണമെന്ന് നിശ്ചയിക്കാനും ചീഫ് ജസ്റ്റിസിന് മാത്രമാണ് അധികാരമെന്ന് ഉത്തരവിറക്കുകയും ചെയ്തു. ഇതാണ് കോടതിയില്‍ വാക്കേറ്റത്തിന് വഴിവെച്ചത്.


Also Read: ചികിത്സാപ്പിഴവെന്നാരോപണം; കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ചു


ഈ അഴിമതിക്കേസില്‍ ആരോപണം നേരിടുന്ന ചീഫ് ജസ്റ്റിസിന് എങ്ങനെയാണ് ഇതേ കേസ് പരിഗണിക്കാനാവുകയെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സി.ജെ.ഐ മിശ്രയോട് ചോദിക്കുകയായിരുന്നു. ” ഈ അഴിമതിയുടെ ഭാഗമാണ് നിങ്ങള്‍ എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എങ്ങനെയാണ് നിങ്ങള്‍ക്ക് ഈ കേസ് കേള്‍ക്കാനാവുക?” എന്ന് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.

” താങ്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.” എന്നും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ “എന്ത് അസംബന്ധം! എന്റെ പേര് പരാമര്‍ശിച്ച് ഒരു വാക്കുപോലും എഫ്.ഐ.ആറില്‍ ഇല്ല. ആദ്യം ഉത്തരവുകള്‍ വായിക്കൂ. നിങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യം വരും” എന്നായിരുന്നു ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രതികരണം.

“എങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കൂ”വെന്ന് പ്രശാന്ത് ഭൂഷണ്‍ വെല്ലുവിളിച്ചു. “അതിനുപോലും നിങ്ങള്‍ അര്‍ഹനല്ല” എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more