സഭയിലെ വംശീയാധിക്ഷേപം; തടയാതെ കൊടിക്കുന്നിൽ, ബി.ജെ.പി എംപി.യുടെ അറസ്റ്റ് ആവശ്യപ്പെട്ട് സി.പി. ഐ.എം
ന്യൂദൽഹി: ബി.എസ്.പി എം.പി കുൻവർ ഡാനിഷ് അലിയെ ബി.ജെ.പി എം.പി രാജേഷ് ബിധുരിയെ ലോക്സഭാ ചർച്ചയിൽ വംശീയാധിക്ഷേപം നടത്തുമ്പോൾ ചെയറിൽ ഉണ്ടായിരുന്ന കൊടിക്കുന്നിൽ സുരേഷ് എം.പി ബിധുരിയെ തടഞ്ഞില്ലെന്ന് ആരോപണം.
ഡാനിഷ് അലി തനിക്കുണ്ടായ വിദ്വേഷ പരാമർശത്തിനെതിരെ പ്രതിഷേധിച്ചപ്പോൾ പരിശോധിച്ച ശേഷം സഭാരേഖകളിൽ നിന്ന് നീക്കാമെന്നാണ് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിയായ കൊടിക്കുന്നിൽ മറുപടി നൽകിയത്.
സാധാരണഗതിയിൽ അംഗങ്ങൾ അൺപാർലമെന്ററി വാക്കുകൾ ഉപയോഗിക്കുമ്പോൾ അവരെ അപ്പോൾ തന്നെ താക്കീത് ചെയ്യും. പിന്നെയും തുടർന്നാൽ മൈക്ക് ഓഫ് ചെയ്യും. ബിധുരിയുടെ ആക്ഷേപത്തെ ചോദ്യം ചെയ്ത ഡാനിഷ് അലിയോട് ഇരിക്കാൻ ആവശ്യപ്പെട്ട് കൊണ്ടിരുന്ന കൊടിക്കുന്നിൽ ബിധുരിയുടെ മൈക്ക് ഓഫ് ആക്കിയില്ല എന്നാണ് ആരോപണം. എന്നാൽ ബഹളത്തിനിടയിൽ പറഞ്ഞതൊന്നും കേട്ടില്ലെന്നും നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തെഴുതുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
അതേസമയം, ബിധുരിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി പ്രകാരം വിദ്വേഷപ്രസംഗം പോലെയുള്ള കുറ്റകൃത്യത്തിൽ ആർക്കും പ്രത്യേക സംരക്ഷണം നൽകാൻ പാടില്ലെന്നും സി.പി.ഐ.എം പറഞ്ഞു.
ബിധുരിയുടെ പരാമർശം കേട്ട് മുൻ കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളുമായ ഹർഷ് വർധനും രവിശങ്കർ പ്രസാദും ചിരിച്ചുകൊണ്ടിരുന്നത് പ്രതിഷേധങ്ങൾക്ക് കാരണമായി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡാനിഷ് അലിയെ സന്ദർശിച്ചു. ‘വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട’ എന്ന അടിക്കുറിപ്പോടെ ഡാനിഷ് അലിയെ ആശ്വസിപ്പിക്കുന്ന ചിത്രം അദ്ദേഹം എക്‌സിൽ പങ്കുവെച്ചു.
ചാന്ദ്രയാൻ -3ന്റെ വിജയവുമായി ബന്ധപ്പെട്ട പാർലമെന്റ് ചർച്ചക്കിടയിലാണ് ബിധുരി ഡാനിഷ് അലിക്കെതിരെ വിദ്വേഷപരാമർശങ്ങൾ നടത്തിയത്. ഭീകരവാദി (ആതങ്ക് വാദി), തീവ്രവാദി (ഉഗ്രവാദി), ചേലകർമം നടത്തിയവൻ (കട് വ), മുസ്‌ലിം തീവ്രവാദി (മുല്ല ആതങ്ക് വാദി), കൂട്ടിക്കൊടുപ്പുകാരൻ (ഭഡ്വ) എന്ന് വിളിക്കുകയും തുടർന്ന് ഈ മുല്ലയെ പുറത്താക്കൂ എന്ന് പറയുകയും ചെയ്തു.
2015ലും സഭയിൽ ബിധുരി സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നു. അഞ്ച് വനിതാ എം.പിമാർ പരാതി നൽകിയെങ്കിലും വിശദീകരണം ചൊടിക്കുകയല്ലാതെ നടപടികൾ ഉണ്ടായില്ല.
തന്റെ പരാതിയിൽ ബിധുരിക്കെതിരെ നടപടി എടുത്തില്ലെങ്കിൽ സഭയിൽ നിന്ന് രാജി വെക്കുമെന്ന് ഡാനിഷ് അലി പറഞ്ഞു.
Content Highlight: Unparlamentary words in Parliament; Kodikkkunnil suresh didn’t take any actions, CPIM demanded arrest of bidhuri