ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഏറ്റവും ഗൗരവമേറിയതും കീഴ് വഴക്കമില്ലാത്തതും മാപ്പ് നല്‍കാനാവാത്തതുമായ നീക്കമാണ് ഇതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ആത്യന്തികമായി ജുഡീഷ്യറിക്ക് സ്വതന്ത്ര സ്വഭാവം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ ചട്ടക്കൂടിനേല്‍പിക്കുന്ന പ്രഹരമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
‘ഇത് ഏതെങ്കിലും വ്യക്തിയുടെ മാത്രം കാര്യമല്ല. ഇത് തത്വത്തെ സംബന്ധിച്ചതാണ്. നീതിന്യായവ്യവസ്ഥ, ഭരണ നിര്‍വഹണം, നിയമ നിര്‍മ്മാണം എന്നിവക്കിടയിലെ അധികാരത്തെ വേര്‍തിരിച്ച് കാണണം എന്നതാണ് ആ തത്വം. ഭരണഘടനയുടെ നെടുംതൂണാണ് അവ’, കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി മാധ്യമങ്ങളോട് പറഞ്ഞു.
ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്. ഇത്രയും നാണംകെട്ട ഒരു ജഡ്ജിയെ താന്‍ ഇന്ത്യന്‍ നീതിന്യായപീഠത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.
’20 വര്‍ഷം ഞാന്‍ അഭിഭാഷകനായിരുന്നു. 20 വര്‍ഷം ജഡ്ജിയുമായിരുന്നു. എനിക്കൊരുപാട് നല്ല ജഡ്ജിമാരെയും മോശം ജഡ്ജിമാരെയും അറിയാം. എന്നാല്‍ ഇത്രയും നാണംകെട്ട, അധ:പതിച്ച, ലൈംഗിക വൈകൃതമുള്ള ഒരു ജഡ്ജിയെ ഞാന്‍ ഇന്ത്യന്‍ നീതിപീഠത്തില്‍ കണ്ടിട്ടില്ല. ഈ മനുഷ്യനെക്കൊണ്ടില്ലാത്ത ഒരു ഉപദ്രവവും ഉണ്ടായിരുന്നില്ല’, കട്ജു പറഞ്ഞു.
രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെ വിമര്‍ശിച്ച് മുന്‍ ജഡ്ജിമാരായ മദന്‍ ബി ലോക്കൂറും കുര്യന്‍ ജോസഫും രംഗത്തെത്തിയിരുന്നു.
ഗൊഗോയിയുടെ നാമനിര്‍ദ്ദേശം അത്ഭുതപ്പെടുത്തുന്നില്ലെന്നും അവസാനത്തെ പ്രതീക്ഷയും നഷ്ടമായോ എന്നായിരുന്നു മദന്‍ ബി ലോക്കൂര്‍ ചോദിച്ചത്. ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണിതെന്നായിരുന്നു കുര്യന്‍ ജോസഫ് പ്രതികരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ