വിക്കറ്റിന് പുറകില്‍ നിന്നും ഷോട്ട് 😳 അതും കീപ്പറിന്റെ തലക്ക് മുകളിലൂടെ; അന്തംവിട്ട് നെറ്റിസണ്‍സ് 😳
Sports News
വിക്കറ്റിന് പുറകില്‍ നിന്നും ഷോട്ട് 😳 അതും കീപ്പറിന്റെ തലക്ക് മുകളിലൂടെ; അന്തംവിട്ട് നെറ്റിസണ്‍സ് 😳
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th June 2023, 7:32 pm

 

പഴയ രീതികളില്‍ നിന്നും മാറി നടക്കാനുള്ള ശ്രമത്തിലാണ് മോഡേണ്‍ ഡേ ക്രിക്കറ്റ്. അടുത്ത കാലങ്ങളിലായി ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം കളിക്കുന്ന രീതി അതിന് ഉത്തമ ഉദാഹരണമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ വിരസത ആരാധകര്‍ക്കുണ്ടാകാതെ ഫാസ്റ്റ് പേസില്‍ മത്സരം മുമ്പോട്ട് കൊണ്ടുപോകുന്ന ബാസ്‌ബോള്‍ ശൈലിയാണ് ത്രീ ലയണ്‍സ് അവലംബിക്കുന്നത്.

കളിരീതിയിലെയും കളി ശൈലിയിലെയും മാറ്റങ്ങള്‍ക്ക് ഇപ്പോഴാണ് സ്വീകാര്യത ലഭിക്കുന്നതെങ്കില്‍ ഷോട്ടുകളിലെ വ്യത്യസ്തത ആരാധകരെ നേരത്തെ തന്നെ ഹരം കൊള്ളിച്ചിരുന്നു. ടെക്‌സ്റ്റ് ബുക്ക് ഡെഫനിഷന്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ക്ക് പകരം അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ ആരാധകര്‍ നെഞ്ചേറ്റിയിട്ട് കാലങ്ങളേറെയായി.

റിവേഴ്‌സ് സ്വീപ്പും റാംപ് ഷോട്ടും സ്വിച്ച് ഹിറ്റും അപ്പര്‍ കട്ടുമെല്ലാം ആരാധകരുടെ ദിനചര്യയുടെ ഭാഗമായി മാറുന്ന കാഴ്ചയായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്.

ക്രിക്കറ്റില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത തരത്തിലുള്ള ഷോട്ട് കണ്ടാണ് സോഷ്യല്‍ മീഡിയ അന്തം വിട്ടിരിക്കുന്നത്. അണ്‍ ഓര്‍ത്തഡോക്‌സിന്റെ എക്‌സ്ട്രീം എന്ന് പോലും വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഷോട്ട് ആയിരുന്നു അത്.

ഒരു ലോക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയത്. ബൗളര്‍ പന്തെറിഞ്ഞതിന് പിന്നാലെ ബാറ്റര്‍ വിക്കറ്റിന് പുറകിലേക്ക് പോവുകയും അവിടെ നിന്ന് വിക്കറ്റ് കീപ്പറുടെ തലക്ക് മുകളിലൂടെ സ്‌കൂപ് ചെയ്യുകയുമായിരുന്നു ചെയ്തത്.

ഔട്ട് ഓഫ് കോണ്ടക്‌സ്റ്റ് ക്രിക്കറ്റ് എന്ന ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആരാധകരില്‍ പലരും അമ്പരപ്പ് പങ്കുവെച്ചപ്പോള്‍ ഇത് നിയമവിധേയമാണോ എന്നാണ് മറ്റുപലര്‍ക്കും അറിയേണ്ടിയിരുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുപോലെ ആരെങ്കിലും കളിച്ചു കാണാന്‍ ആഗ്രഹമുണ്ടെന്നും മിസ്റ്റര്‍ 1080 ആണ് ഇയാളെന്നും തുടങ്ങി ആരാധകരുടെ പ്രതികരണങ്ങള്‍ നീളുകയാണ്.

 

 

 

Content highlight: Unorthodox shot in a local cricket tournament goes viral