ജയ്പൂര്‍: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രാജിവെച്ച രാജസ്ഥാനിലെ രാജ്യസഭ സീറ്റില്‍ നിന്ന് ബി.ജെ.പിക്ക് എതിരില്ലാത്ത വിജയം. കേന്ദ്ര സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവാണ് ഈ സീറ്റില്‍ നിന്ന് വിജയിച്ചത്. രാജ്യസഭ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ചൊവ്വാഴ്ച അവസാനിച്ചപ്പോള്‍ ഈ സീറ്റില്‍ ബിട്ടുവടക്കം മൂന്ന് സ്ഥാനാര്‍ത്ഥികളാണുണ്ടായിരുന്നത്.
ഇതില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുകയും ബി.ജെ.പി. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ രവ്‌നീത് സിങ് ബിട്ടു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു 2026 വരെ കാലാവധിയുണ്ടായിരുന്ന രാജ്യസഭ അംഗത്വം കെ.സി. വേണുഗോപാല്‍ രാജിവെച്ചത്. പിന്നീട് അദ്ദേഹം ആലപ്പുഴയില്‍ നിന്ന് മത്സരിച്ച് വിജയിക്കുകയും ചെയ്തു.
ഇടതുപക്ഷത്തിന് കേരളത്തില്‍ നിന്ന് കഴിഞ്ഞ തവണയുണ്ടായിരുന്ന ഏക സീറ്റായിരുന്നു ആലപ്പുഴ. അവിടെ സിറ്റിങ് എം.പിയായിരുന്ന എ.എം. ആരിഫിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
രണ്ട് വര്‍ഷം കൂടി കാലാവധിയുള്ള രാജ്യ സഭ സീറ്റ് രാജിവെച്ച് ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള കെ.സി. വേണുഗോപാലിന്റെ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. രാജസ്ഥാന്‍ നിയമസഭയിലെ നിലവിലെ എം.എല്‍.എമാരുടെ എണ്ണം കണക്കിലെടുത്താല്‍ അവിടെ നിന്ന് കോണ്‍ഗ്രസിന് ജയിക്കാനാകില്ലെന്ന് ഉറപ്പായിരുന്നു.
ബി.ജെ.പി.ക്ക് രാജ്യസഭയിലേക്ക് ഒരു അധിക അംഗത്തെ സംഭാവന ചെയ്യുന്നതാണ് കെ.സി. വേണുഗോപാലിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് എന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ലോക്‌സഭയിലേക്ക് പരമാവധി കോണ്‍ഗ്രസ് എം.പി.മാരെ എത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത് എന്നായിരുന്നു വിമര്‍ശനങ്ങളോടുള്ള കോണ്‍ഗ്രസ് സമീപനം.