[]ജനീവ: കുട്ടികളെ വൈദികര്‍ ലൈംഗികമായി ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങളില്‍ വത്തിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കുട്ടികളുടെ സംരക്ഷണങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജന്‍സി വത്തിക്കാനോട് ആവശ്യപ്പെട്ടു.
ആദ്യമായാണ് വത്തിക്കാന്‍ ഒരു അന്താരാഷ്ട്ര സമിതിക്ക് മുന്നില്‍ ലൈംഗികാരോപണത്തിന്റെ പേരില്‍ മറുപടി നല്‍കുന്നത്. 1990ലെ കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഉടമ്പടിയില്‍ ഒപ്പിട്ട രാജ്യമെന്ന നിലയിലാണ് വത്തിക്കാന്‍ സമിതിക്ക് മുന്നില്‍ മറുപടി നല്‍കുന്നത്.
ആരോപണങ്ങളില്‍ സഭ കൃത്യമായ നിലപാട് എടുക്കുന്നുണ്ടെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ഭരണകൂടങ്ങളാണെന്നും വത്തിക്കാന്‍ മറുപടി നല്‍കി
എന്നാല്‍ ആരോപണങ്ങളെ കുറിച്ചും അവയില്‍ കൈകൊണ്ട് നടപടികളെ കുറിച്ചുമുള്ള രേഖകള്‍ എന്തുകൊണ്ട് പുറത്തു വിടുന്നില്ലെന്ന് സമിതി വത്തിക്കാന്‍ പ്രതിനിധികളോട് ചോദിച്ചു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ കേവലം കുറ്റകൃത്യം മാത്രമായല്ല, സഭയുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായാണ് കാണുന്നതെന്ന് വത്തിക്കാന്‍ പ്രതിനിധി ഇതിന് മറുപടി നല്‍കി.
പക്ഷെ ഇക്കാര്യങ്ങളില്‍ നിയമപരമായ നടപടി സ്വീകരിക്കേണ്ടത് അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളാണെന്ന നിലപാട് വത്തിക്കാന്‍ ആവര്‍ത്തിച്ചു. വിവിധ രാജ്യങ്ങളിലെ സ്വതന്ത്ര നിരീക്ഷകരെ ഉള്‍ക്കൊള്ളുന്ന സമിതി അടുത്ത മാസം 5 ന് ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടും.