സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം: കെ. മുരളീധരനുമായുള്ള പരസ്യ വാക്ക്‌പ്പോരിനു പിന്നാലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെ.പി.സി.സി വക്താവ് സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് കൈമാറിയിട്ടുണ്ട്.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച കെ. മുരളീധരനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി മുരളീധരന്‍ രംഗത്തെത്തിയതോടെ ഇരുവരും തമ്മില്‍ വാക്ക്‌പോര് ആരംഭിച്ചിരുന്നു.
വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടെന്നും താന്‍ അനാശാസ്യക്കേസില്‍ പ്രതിയായി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിട്ടില്ലെന്നും മുരളീധരന്‍, ഉണ്ണിത്താന് മറുപടിയായി പറഞ്ഞിരുന്നു. പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന തന്റെ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പങ്കുവെച്ചതെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ, കെ. മുരളീധരന്‍ ആണായി പിറന്നത് കേരളത്തിന്റെ ഭാഗ്യമാണെന്നും മുരളീധരന്‍ പെണ്ണായി ജനിച്ചിരുന്നെങ്കില്‍ കേരളത്തിലെ അറിയപ്പെടുന്ന വേശ്യയായി മാറുമായിരുന്നുവെന്നും അധിക്ഷേപിക്കുന്ന തരത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.
മുരളിയെക്കുറിച്ച് പറയുകയാണെങ്കില്‍ രണ്ടാമതൊരു കാമസൂത്രം തന്നെ രചിക്കേണ്ടി വരുമെന്നും ഉണ്ണിത്താന്‍ മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു. കെ. കരുണാകരനെ അനുസ്മരിക്കാന്‍ 14 ജില്ലകളിലും നടന്ന പരിപാടികളില്‍ മകനായ മുരളീധരനെ കണ്ടില്ല. പകരം വിമതന്മാരോടൊപ്പം വേദി പങ്കിട്ടുകയാണ് മുരളി ചെയ്തതെന്നും ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു.
കരുണാകരന്റെ ശ്രാദ്ധ ദിനത്തില്‍ പിണറായിക്കൊപ്പം ദുബായില്‍ സി.പി.ഐ.എം പരിപാടിയില്‍ പങ്കെടുത്ത വ്യക്തിയാണ് മുരളീധരനെന്നും ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. അച്ഛന്റെ കയ്യില്‍ നിന്നും ഇനിയൊന്നും കിട്ടാനില്ലാത്തതിനാലാണ് കരുണാകരന്‍ അനുസ്മരണത്തില്‍ പങ്കെടുക്കാതിരുന്നത്. മുരളീധരനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
രാഷ്ട്രീയ എതിരാളികളുടെ കയ്യില്‍ ആയുധം വെച്ചുകൊടുക്കുന്ന മുരളീധരന്റെ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേരത്തെ ആരോപിച്ചിരുന്നു. മൂന്നു പാര്‍ട്ടികളുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയ കേരള രാഷ്ട്രീയത്തിലെ ഏക വ്യക്തിയാണ് മുരളീധരനെന്നും ഉണ്ണിത്താന്‍ പരിഹസിച്ചിരുന്നു.
യോഗ്യത ഇല്ലാത്തവരുടെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്ന് പറഞ്ഞ് ഇതിന് പിന്നാലെ മുരളീധരന്‍ പറഞ്ഞിരുന്നു. തന്റെമേല്‍ കുതിരകയറുന്നത് പിണറായി വിജയനെതിരെ പറയാന്‍ പേടിക്കുന്നവരാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.