| Monday, 30th April 2012, 1:32 pm

ഉണ്ണിത്താന്‍ വധശ്രമക്കേസ്: റഷീദിനെ കസ്റ്റഡിയില്‍ വാങ്ങിയില്ല; സി.ബി.ഐ നിലപാട് സംശയാസ്പദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഉണ്ണിത്താന്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നു. അറസ്റ്റിലായ ഡി.വൈ.എസ്.പി റഷീദിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണസംഘം തീരൂമാനിച്ചു. ഇന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യാന്‍ വിട്ടുതരണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടില്ല. തുടര്‍ന്ന് കോടതി റഷീദിനെ 14 ദിവസത്തേക്ക് കൂടി ജുഡീഷ്വല്‍ കസ്റ്റഡിയില്‍ വിട്ടു.

പത്രപ്രവര്‍ത്തകനായ ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഡിവൈഎസ്പി റഷീദിനെ 14 ദിവസം മുമ്പ് അറസ്റ്റുചെയ്തത്. കേസില്‍ ഗൂഢാലോചനക്കുറ്റമാണ് റഷീദിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. റഷീദ് അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിച്ചിരുന്നുമില്ല. സി.ബി.ഐ ഓഫിസിലും കോടതിയിലും റഷീദിന്റെ അഭിനയം അരങ്ങുതകര്‍ത്തതോടെ പ്രതിയെ തിരികെയേല്‍പിച്ചു. ഇയാളെ ഏതുവിധേനയും ചോദ്യം ചെയ്‌തേ അടങ്ങൂ എന്ന വാശിയിലായിരുന്നു സി.ബി.ഐ. അതിനായി കസ്റ്റഡി അപേക്ഷ നല്‍കുന്നതിനും തീരുമാനിച്ചിരുന്നു

എന്നാല്‍ കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ചെന്നൈയിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് റഷീദിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങേണ്ടെന്ന തീരുമാനമുണ്ടായത്. ചോദ്യം ചെയ്യാതെതന്നെ പ്രതിക്കെതിരായ തെളിവുകള്‍ തങ്ങള്‍ക്കുണ്ടെന്നാണ് സി.ബി.ഐയുടെ വാദം. ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണ് ഈ നിലപാട് മാറ്റമെന്നാണ് സൂചന. ഇന്ന് കോടതിയില്‍ ഹാജരാക്കിയ റഷീദ് അസുഖമുള്ള രീതിയില്‍ പ്രകടനമൊന്നും നടത്തിയിരുന്നില്ല.

അതേസമയം റഷീദിനെതിരെ സി.ബി.െഎയും സി.ബി.ഐക്കെതിരെ റഷീദും കേസുകൊടുത്തിരിക്കയാണ്. കേസില്‍ ഡി.വൈ.എസ് പിയുടെ അറസ്റ്റിനെത്തുടര്‍ന്ന് സംസ്ഥാന പൊലീസും സി.ബി.ഐയും രണ്ടുതട്ടിലായിരുന്നു. ഉണ്ണിത്താന്‍ കേസില്‍ ഡി.ഐ.ജി ശ്രീജിത്തിന്റെ ഇടപെടലിനെക്കുറിച്ചും സി.ബി.ഐയ്ക്ക് സൂചനകിട്ടിയിരുന്നു.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more