| Saturday, 31st December 2022, 10:16 pm

ഈ ചോദ്യം ചോദിച്ചത് കൊണ്ട് മാളികപ്പുറം പ്രൊപ്പഗാണ്ട മൂവി ആകും, ആ കാര്യം ഞങ്ങള്‍ പറഞ്ഞതല്ല പുറത്തുള്ളവര്‍ പറയുന്നത്: ഉണ്ണി മുകുന്ദന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഉണ്ണിമുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയാണ് മാളികപ്പുറം. അയ്യപ്പനെ സൂപ്പര്‍ ഹീറോ ആയി കാണുന്ന കല്ലു എന്ന എട്ടുവയസുകാരി കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന് ഒരു പ്രൊപ്പഗാണ്ട മൂവി എന്ന ടാഗ് വീഴുമോയെന്ന ഭയം ഉണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിപറയുകയാണ് ഉണ്ണി മുകുന്ദനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ളയും.

ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെ തന്നെ ഇതൊരു പ്രൊപ്പഗാണ്ട മൂവി ആകുമെന്നും കുട്ടികളെ വെച്ച് കൊണ്ടുള്ള കുടുംബ ചിത്രമാണ് മാളികപ്പുറമെന്നും ഉണ്ണി പറഞ്ഞു.

”മാളികപ്പുറം, ശബരിമല എന്നുള്ള പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ അങ്ങനെ ഒരു ടാഗ് വീഴുമെന്നും പക്ഷെ അത് തീയേറ്ററില്‍ വരുമ്പോള്‍ മാറേണ്ടതാണ്. ഞാന്‍ നിങ്ങളോട് എന്റെ ആകാംക്ഷകൊണ്ട് ചോദിക്കുകയാണ് എന്ത് കൊണ്ടാണ് ഈ സിനിമയില്‍ പ്രൊപാപ്പഗാണ്ട ഉണ്ടെന്ന് തോന്നിയത്.

ഈ ചോദ്യം ചോദിച്ചത് കൊണ്ട് ഇതൊരു പ്രൊപ്പഗാണ്ട മൂവി ആകും. ഡിവൈനിറ്റിയില്‍ വന്ന ഏത് സിനിമയാണ് പ്രൊപ്പഗാണ്ട സിനിമ? നിങ്ങള്‍ ഒരെണ്ണം പറയാമോ. ഈ സിനിമ എന്തിനാണ് പ്രൊപ്പഗാണ്ട സിനിമയായി ടാഗ് ചെയ്തത്. ഇത് കുട്ടികളെ വെച്ചുള്ള ഒരു കുടുംബ ചിത്രം മാത്രമാണ്,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ആര്‍.ആര്‍.ആര്‍നും കാന്താരക്കും മാളികപുറത്തിനും പൊതുവായിട്ടുള്ള ഒന്ന് ഡിവൈനിറ്റിയാണ്. ഈ സിനിമയിലും ഡിവൈനിറ്റിക്ക് പ്രാധാന്യം കൊടുത്തിട്ടുള്ളത് കൊണ്ട് അതുമായിട്ട് താരതമ്യം ചെയ്യുന്നതാണ് അത് ഞങ്ങള്‍ പറഞ്ഞതല്ല പുറത്തുള്ളവര്‍ പറയുന്നതാണ്.

പക്ഷെ കാന്താര സൗണ്ട് മിക്‌സ് ചെയ്ത രാജാകൃഷ്ണന്‍ ചേട്ടന്‍ തന്നെയാണ് മാളികപ്പുറവും സൗണ്ട് മിക്‌സ് ചെയ്തിരിക്കുന്നത്. കാന്താരയുടെ ഒപ്പം തന്നെ നില്‍ക്കുന്ന രീതിയിലാണ് അദ്ദേഹം മാളികപ്പുറവും ഒരുക്കിയിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം. അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രമാണ് മാളികപ്പുറം.

content highlight: unnimukundhan about malikappuram

We use cookies to give you the best possible experience. Learn more