|

മാളികപ്പുറം കണ്ടവര്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു, ഉറപ്പായും ഈ കുട്ടികള്‍ക്ക് ദേശീയപുരസ്‌കാരം കിട്ടും: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത് ഡിസംബര്‍ മുപ്പതിന് തിയേറ്ററിലെത്തിയ സിനിമയാണ് മാളികപ്പുറം. ആദ്യ ദിവസം തന്നെ തിയേറ്ററിലെത്തി സിനിമ കണ്ട നടന്‍ ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയാണ്. എല്ലാ പ്രേക്ഷകര്‍ക്കും സിനിമ ഒരുപാട് ഇഷ്ട്ടപ്പെട്ടെന്നും, എല്ലാവരും തന്നെ കെട്ടിപിടിച്ച് കരഞ്ഞെന്നും താരം പറഞ്ഞു.

മാളികപ്പുറം നൂറ് ശതമാനം കുടുംബ ചിത്രമാണെന്നും താന്‍ സിനിമ ചെയ്യുന്നത് കുടുംബ പ്രേക്ഷകരുടെ താല്‍പര്യം നോക്കിയിട്ടാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സിനിമയില്‍ അഭിനയിച്ചിരിക്കുന്ന കുട്ടികളുടെ പ്രകടനം ഉറപ്പായും കാണണമെന്നും അവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഉറപ്പായും ദേശീയ പുരസ്‌കാരം ലഭിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ എന്തായാലും ഹാപ്പിയാണ്. ഇനി സിനിമയെക്കുറിച്ച് എന്തെങ്കിലും ഫീഡ്ബാക്ക് അറിയണമെങ്കില്‍ നിങ്ങള്‍ പ്രേക്ഷകരോട് ചോദിക്കൂ. സിനിമയിലെ കുട്ടികളുടെ പ്രകടനത്തെ കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ സാധിക്കില്ല. അത്രയും മനോഹരമായിട്ടാണ് അവര്‍ അഭിനയിച്ചിരിക്കുന്നത്. ആളുകളുടെ അഭിപ്രായങ്ങള്‍ ഞാന്‍ തിയേറ്ററിലിരുന്ന് ലൈവായി കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇനി നിങ്ങള്‍ സിനിമയെ കുറിച്ച് പ്രേക്ഷകരോട് ചോദിക്കു.

സിനിമ കണ്ടവരെല്ലാം ഒരുപാട് ഇഷ്ടമായി എന്നാണ് പറഞ്ഞത്. പിന്നെ എനിക്ക് പറയാനുള്ളത് സിനിമയിലെ കുട്ടികളെ കുറിച്ചാണ്. അവരുടെയൊപ്പം വര്‍ക്ക് ചെയ്തതുകൊണ്ട് തന്നെ അവരുടെ പ്രകടനവും സിനിമ മുഴുവനായും എനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നുണ്ട്. സിനിമയുടെ നിര്‍മാതാക്കളും ഞാനുമെല്ലാം വളരെ സന്തോഷത്തിലാണ്. എന്തായാലും ഓഡിയന്‍സിന് മാളികപ്പുറം നൂറ് ശതമാനം ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പാണ്.

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ധൈര്യമായി ഫാമിലിയുമായി വന്ന് ഈ സിനിമ കാണാന്‍ സാധിക്കും. ആ രണ്ട് കുട്ടികളുടെയും വര്‍ക്ക് എന്തായാലും നിങ്ങള്‍ കാണണം. ഞാന്‍ കുറച്ച് മുമ്പ് പറഞ്ഞതേയുള്ളു, ഈ കുട്ടികളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഈ വര്‍ഷം ഉറപ്പായും ദേശീയ പുരസ്‌കാരം കിട്ടുമെന്ന്.

എന്നെ ഞാനാക്കി മാറ്റിയത് കുടുംബ പ്രേക്ഷകരാണ്. എന്റെ ഓഡിയന്‍സ് കുടുംബ പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവരെ തൃപ്ത്തിപ്പെടുത്താന്‍ ഏത് തരം സിനിമയാണ് ചെയ്യേണ്ടതെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. മാളികപ്പുറവും ഒരു പക്കാ ഫാമിലി സിനിമയാണ്. ഓഡിയന്‍സിന് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. എല്ലാവരും എന്നെ കെട്ടിപിടിച്ച് കരഞ്ഞു,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അതേസമയം ഉണ്ണിമുകുന്ദനൊപ്പം ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപത്ത്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

content highlight: unnimukundan’s reaction about his new movie malikappuram