| Friday, 23rd April 2021, 2:57 pm

പ്രകൃതിയുടെ തകൃതി; ശ്യാം പുഷ്‌കരന്‍ ഡയറീസിന് പിന്നിലെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഉണ്ണിമായ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദിലീഷ് പോത്തന്‍-ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടിലെ പുതിയ ചിത്രം ജോജിയുടെ മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.

സിനിമയില്‍ ശ്രദ്ധേയമായ ഒരു ഭാഗമായിരുന്നു പനച്ചേല്‍ തറവാട്ടിലെ കുളം. സിനിമയ്ക്കായി പ്രത്യേകം നിര്‍മ്മിച്ചതായിരുന്നു കുളമെന്നത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. ഇതിന്റെ മേക്കിംഗ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നടി ഉണ്ണിമായ തന്നെയാണ് ഇവ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പ്രകൃതി ഒരു തകൃതി, പനച്ചേല്‍ തറവാട്ടിലെ കുളം നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജോജിയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇതിനൊപ്പം ചിത്രത്തെ കുറിച്ചുള്ള ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതേസമയം ജോജി എന്ന സിനിമയെ കുറിച്ചും സിനിമയിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുകയാണ്.

ചിത്രം റിലീസായതിന് പിന്നാലെ ഓരോ കഥാപാത്രങ്ങളേയും വ്യത്യസ്തമായ രീതിയില്‍ സമീപിച്ചുകൊണ്ടുള്ള കുറിപ്പുകളും മറ്റും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുക്കിയത്.

ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്. ഫഹദ് ഫാസില്‍, ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ, ജോജി മുണ്ടക്കയം, പി.എന്‍ സണ്ണി, ബേസില്‍ ജോസഫ്, അലിസ്റ്റര്‍ അലക്സ് എന്നിവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Unnimaya Shares Joji Making video

Latest Stories

We use cookies to give you the best possible experience. Learn more