സുരഭിയുമായി പല കാര്യങ്ങളിലും എനിക്ക് സാമ്യമുണ്ട്; തിങ്കളാഴ്ച നിശ്ചയത്തിന്റെ വിശേഷങ്ങളുമായി ഉണ്ണിമായ
Malayalam Cinema
സുരഭിയുമായി പല കാര്യങ്ങളിലും എനിക്ക് സാമ്യമുണ്ട്; തിങ്കളാഴ്ച നിശ്ചയത്തിന്റെ വിശേഷങ്ങളുമായി ഉണ്ണിമായ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th November 2021, 11:06 am

സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. പുതുമുഖതാരങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ ചിത്രം ഒരു മികച്ച റിയലസ്റ്റിക് ചിത്രമെന്ന പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. ഓരോ കഥാപാത്രങ്ങളുടേയും പ്രകടനം അസാധ്യമാംവിധം ഗംഭീരമാണെന്നാണ് പൊതുവില്‍ ഉയരുന്ന അഭിപ്രായം. ഇപ്പോള്‍ സിനിമ ഇത്രയേറെ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ചിത്രത്തില്‍ നായികയുടെ ചേച്ചിയുടെ കഥാപാത്രമായ സുരഭിയെ അവതരിപ്പിച്ച ഉണ്ണിമായ.

ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പുതുമുഖങ്ങള്‍ അഭിനയിച്ച ചിത്രമായതുകൊണ്ട് തന്നെ സിനിമാ രംഗത്ത് നിന്നുള്ള ആരെങ്കിലും ചിത്രം കാണുമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് ഉണ്ണിമായ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ഇത്രയ്ക്കും സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ല. ഐ.എഫ്.എഫ്.കെയില്‍ ചിത്രം തിരഞ്ഞെടുക്കപ്പെട്ട സമയത്ത് നല്ല അഭിപ്രായങ്ങള്‍ ഒരുപാട് കിട്ടിയിരുന്നു. പക്ഷേ സംസ്ഥാന പുരസ്‌കാരം ലഭിക്കുമെന്നോ കുവൈത്ത് വിജയനും കുടുംബവും ഇത്രയധികം ചര്‍ച്ചയാവുമെന്നോ കരുതിയില്ല. രണ്ട് ദിവസമായി ഫോണ്‍ താഴെ വയ്ക്കാന്‍ സമയമില്ല. കോളുകളും സന്ദേശങ്ങളും വന്നുകൊണ്ടേയിരിക്കുന്നു. സുരഭിയ്ക്ക് ഇത്ര സ്വീകാര്യത തീരേ പ്രതീക്ഷിച്ചിരുന്നില്ല, നായികാ കഥാപാത്രമൊന്നും അല്ലല്ലോ. ചിത്രീകരണ സമയത്തൊന്നും മുഴുനീള കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു. സിനിമ കണ്ടപ്പോള്‍ ഒരുവിധം എല്ലാം സീനിലും ഞാനുമുണ്ട്. നായികയുടെ ചേച്ചിയെയും പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ ഒരുപാട് ഒരുപാട് സന്തോഷം,’ ഉണ്ണിമായ പറയുന്നു.

കാസ്റ്റിങ്ങ് കോള്‍ കണ്ടാണ് ഫോട്ടോ അയക്കുന്നതെന്നും സെലക്ടായെന്നും ഓഡിഷന്‍ കഴിഞ്ഞ് ആക്ടിങ്ങ് വര്‍ക്ക്‌ഷോപ്പും കോസ്റ്റ്യൂം ടെസ്റ്റും കഴിഞ്ഞാണ് സുരഭിയായി തെരഞ്ഞെടുക്കപ്പെട്ടതെന്നും ഉണ്ണിമായ പറയുന്നു.

കാഞ്ഞങ്ങാട് തന്നെയാണ് എന്റെ നാട്. അതുകൊണ്ട് ഭാഷയൊന്നും പ്രശ്‌നമായില്ല. പിന്നെ ചിത്രത്തില്‍ എന്റെ ഭര്‍ത്താവ് സന്തോഷായി വേഷമിട്ട സുനില്‍ സൂര്യയെയും അച്ഛനായി വേഷമിട്ട മനോജേട്ടനെയും നേരത്തെ പരിചയമുണ്ട്. ആ സിനിമയില്‍ കാണുന്നത് പോലെ തന്നെ ഒരു കുടുംബം പോലെ തന്നെയായിരുന്നു സെറ്റിലും.

എല്ലാവരും പുതുമുഖങ്ങളായത് കൊണ്ട് തന്നെ ആര്‍ക്കും സിനിമാ ചിത്രീകരണത്തെ പറ്റിയൊന്നും വലിയ ധാരണയുണ്ടായിരുന്നില്ല. സെറ്റിലെ ആളുകളെ എന്ത് വിളിക്കണമെന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല.

എല്ലാവരെയും ചാടിക്കേറി ചേട്ടാ എന്നൊക്കെ വിളിച്ച് സംസാരിച്ചു തുടങ്ങിയതോടെ ഊഷ്മളമായ ഒരു ബന്ധം മുന്നോട്ട് കൊണ്ട് പോകാനും ഒരു കുടുംബം എന്ന ഫീല്‍ ലഭിക്കാനും സാധിച്ചു.

സുരഭിയും ഉണ്ണിമായയും ഏതാണ്ട് ഒരുപോലെ തന്നെയാണെന്നും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ആള് തന്നെയാണ് താനെന്നും ഉണ്ണിമായ പറയുന്നു. സുരഭിയുടെ ജീവിതത്തിലേത് പോലെ എനിക്കും ഒരു അനിയത്തിയാണ്. സുരഭിയെ പോലെ ഞാനും ഇപ്പോള്‍ ഒരു കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ്.

സുരഭിയുടേത് പോലെ എന്റേതും പ്രണയവിവാഹമായിരുന്നു. വര്‍ഷങ്ങളായി എനിക്ക് അറിയാവുന്ന എന്റെ അടുത്ത സുഹൃത്തിനെ തന്നെയാണ് വിവാഹം ചെയ്തിരിക്കുന്നത്. പിന്നെ കല്യാണക്കാര്യത്തില്‍ എന്റെ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല എന്നതാണ് ഒരു വ്യത്യാസമെന്നും ഉണ്ണിമായ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Unnimaya About Thinkalazhcha Nischayam Movie