| Tuesday, 4th April 2023, 7:57 am

ജാതി വിവേചനം അനുഭവിച്ചിട്ടുണ്ട്, അതിനാലാണ് കരിക്കിന്റെ വീഡിയോയിലെ ജാതി തിരിച്ചറിഞ്ഞത്: ഉണ്ണി വ്‌ളോഗ്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യൂട്യൂബറും സിനിമാ നിരൂപകനുമായ ഉണ്ണിയുടെ ‘കരിക്കിന്റെ ജാതി’ എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതാണ്. ഉണ്ണി വ്‌ളോഗ്‌സ് എന്ന തന്റെ യൂട്യൂബ് ചാനലിലാണ് കരിക്കിന്റെ കണ്ടന്റിലെ ജാതിയെ പറ്റി ഉണ്ണി പറഞ്ഞത്. ഈ വീഡിയോക്കെതിരെ വ്യാപക വിമര്‍ശനമാണ് അന്ന് ഉയര്‍ന്നത്. വിവാദത്തില്‍ വീണ്ടും മറുപടി പറയുകയാണ് ഉണ്ണി.

ജാതി വിവേചനം അനുഭവിച്ച വ്യക്തിയാണ് താനെന്നും അതിനാല്‍ തന്നെ അത് എങ്ങനെ വര്‍ക്ക് ചെയ്യുമെന്ന് തനിക്ക് തിരിച്ചറിയാനാവുമെന്നും ഉണ്ണി പറഞ്ഞു. ഡൂള്‍ന്യൂസിനായി കാര്‍ത്തിക നടത്തിയ അഭിമുഖത്തിലാണ് ഉണ്ണിയുടെ പരാമര്‍ശങ്ങള്‍.

‘കരിക്കിനെ പൂര്‍ണമായി വിമര്‍ശിക്കുകയായിരുന്നില്ല. അവര്‍ പറയുന്ന കുറച്ച് വാക്കുകള്‍ നോട്ട് ചെയ്യുന്നുണ്ട്. കാരണം ജാതീയമായ വിവേചനങ്ങള്‍ എങ്ങനെ വര്‍ക്ക് ചെയ്യുന്നുവെന്ന് കുറേയൊക്കെ ഞാന്‍ ഫേസ് ചെയ്തിട്ടുണ്ട്. ഒരാളെ മാറ്റി നിര്‍ത്തുന്നതും ഒരാളോട് സംസാരിക്കുന്നതും കാണുമ്പോള്‍ എനിക്കത് മനസിലാവും.

ഒരു കൂട്ടത്തില്‍ നില്‍ക്കുന്ന എല്ലാവരുടെയും തോളത്ത് കയ്യിട്ട് സംസാരിക്കുന്ന ഒരാള്‍ നമ്മളെ മാത്രം വന്ന് ചവിട്ടിയിട്ട് പോവുന്നു. അത് ഫ്രണ്ട്‌ലിയായിട്ടാണ് ചെയ്യുന്നത്. പക്ഷേ വേറെ ആരോടും ചെയ്യുന്നുമില്ല. ബാക്കിയുള്ളവരില്‍ നിന്നും എന്നെ വ്യത്യസ്തനാക്കുന്ന ഒരു സാധനമേ ഉള്ളൂ ആ കൂട്ടത്തില്‍. അത് എന്നെ അഫക്ട് ചെയ്തിട്ടുള്ളതുകൊണ്ട് ചെക്ക് ചെയ്തുപോവും.

ഒരു വീഡിയോ എല്ലാവരേയും പോലെ തന്നെയാണ് ഞാനും കാണുന്നത്. എന്‍ജോയ് ചെയ്യണമെന്ന് വിചാരിച്ച് തന്നെയാണ് അത് കണ്‍സ്യൂം ചെയ്യുന്നത്. പക്ഷേ ചിലത് കാണുമ്പോള്‍ ഇത് അതല്ല പരിപാടി എന്ന് തോന്നും. ഒന്നുങ്കില്‍ അവര്‍ ഉദ്ദേശിച്ചത് അതാവില്ല, പക്ഷേ വന്നത് അങ്ങനെയാണ്. അല്ലെങ്കില്‍ പര്‍പ്പസ്ഫുള്ളി അങ്ങനെ തന്നെ ഉദ്ദേശിച്ചാവാം.

കരിക്കിന്റെ വീഡിയോയുടെ ഉള്ളിന്റെ ഉള്ളില്‍ ജാതി കിടപ്പുണ്ടെന്ന് ക്രിയേറ്റ് ചെയ്തവര്‍ മനസിലാക്കുകയും നാളെ ഒരു വീഡിയോ ചെയ്യുമ്പോള്‍ അങ്ങനെ ആവാതിരിക്കുകയും ചെയ്യാതിരുന്നാല്‍ മതി. എത്രയോ വീഡിയോകള്‍ക്ക് ശേഷമാണ് അങ്ങനെ പ്രോഗ്രസീവ് എന്ന് തോന്നിക്കുന്ന കണ്ടന്റ് ചെയ്തുകഴിഞ്ഞാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്ന നിലയിലേക്ക് അവര്‍ എത്തിയത്. ഇതുപോലെ വിളിച്ചുപറയുന്ന ആരൊക്കെയോ കാരണമാണ്. ആ കൂട്ടത്തില്‍ ഞാന്‍ എന്റെ ഒരു സംഭാവന ഇട്ടു. ചിലപ്പോള്‍ തെറ്റാവാം, ചിലപ്പോള്‍ ശരിയാവാം. അതവിടെ കിടന്നോട്ടെ,’ ഉണ്ണി പറഞ്ഞു.

Content Highlight: unni vlogs talks about his video about karikku

We use cookies to give you the best possible experience. Learn more