ഏഴ് ദിവസം റിവ്യൂ പറയാതിരിക്കാം, പക്ഷേ അത് ഗുണം ചെയ്യുക ഇക്കൂട്ടര്‍ക്ക് : ഉണ്ണി വ്‌ളോഗ്‌സ്
Movie Day
ഏഴ് ദിവസം റിവ്യൂ പറയാതിരിക്കാം, പക്ഷേ അത് ഗുണം ചെയ്യുക ഇക്കൂട്ടര്‍ക്ക് : ഉണ്ണി വ്‌ളോഗ്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd November 2023, 2:02 pm

സിനിമ റിലീസായി ഏഴ് ദിവസം വരെ റിവ്യൂ ചെയ്യാതിരിക്കുന്നത് സിനിമയ്ക്ക് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുമെന്ന് കരുതുന്നോണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് റിവ്യൂവര്‍ ഉണ്ണി.

ഇന്ന് ഒരു സിനിമയ്ക്ക് പോകുന്നതിന് മുന്‍പ് ആളുകള്‍ അവര്‍ക്ക് കിട്ടാവുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളിലും സിനിമയുടെ റിവ്യൂ തിരയുമെന്നും സത്യസന്ധമായി റിവ്യൂ ചെയ്യുന്ന ഒരു വിഭാഗം ആളുകള്‍ അത് നിര്‍ത്തുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നാണ് ഉണ്ണി് പറയുന്നത്.

‘ ഒരു സിനിമ ഇറങ്ങുമ്പോള്‍ ഇന്ന് ആളുകള്‍ റിവ്യൂ തിരയും. ഫേസ്ബുക്കിലും യൂട്യൂബിലും ട്വിറ്ററിലും ബുക്ക് മൈ ഷോ പോലുള്ള ആപ്പുകളിലുമെല്ലാം റിവ്യൂ വരും. എവിടെയാണോ വിശ്വസിച്ച് ഒരു റിവ്യൂ കിട്ടുന്നത് അത് ആള്‍ക്കാര്‍ നോക്കും. അത് കാലഘട്ടത്തിന്റെ മാറ്റമാണ്.

ലോക്ഡൗണിന് ശേഷം എല്ലാവരും ഫോണ്‍ നോക്കാന്‍ പഠിച്ചു. ഈ ഫോണിന്റെ ഉപയോഗം വളരെ കൂടി. അവരെ സംബന്ധിച്ച് ഏറ്റവും ഈസിയായ സോഴ്‌സാണ് ഫോണ്‍ നോക്കുക എന്നത്. വളരെ പവര്‍ഫുള്‍ ആയുള്ള മീഡിയയാണ് അത്. ആ പവര്‍ഫുള്‍ ആയിട്ടുള്ള മീഡിയയില്‍ എന്തായാലും റിവ്യു വരും.

ഞാനുള്‍പ്പെടെ ഓണ്‍ലൈനില്‍ റിവ്യൂ ഇടുന്ന സോ കോള്‍ഡ് റിവ്യൂവേഴ്‌സിനോട് വേണമെങ്കില്‍ ഏഴ് ദിവസമോ പത്ത് ദിവസമോ റിവ്യൂ ചെയ്യാതിരിക്കാന്‍ പറയാം. പക്ഷേ സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും ഈ പറയുന്ന റിവ്യൂ ചെയ്യും. എല്ലാവരുടേയും റിവ്യൂ വരും. ഞാനോ, അല്ലെങ്കില്‍ സത്യസന്ധമായി ഈ പരിപാടി ചെയ്യുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന ചിലരോ ഈ പരിപാടി ഏഴ് ദിവസത്തേക്ക് ഹോള്‍ഡ് ചെയ്തു എന്ന് വെക്കാം. എന്നാല്‍ ഇത് വളമാകുന്നത് സിനിമയെ നശിപ്പിക്കാന്‍ വേണ്ടി റിവ്യൂ എഴുതി പോസ്റ്റ് ചെയ്യുന്ന അണ്‍ നോണ്‍ പ്രൊഫൈലുകള്‍ക്കാണ്.

അവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടാന്‍ പോകുന്നത്. കാരണം അവരുടെ റിവ്യൂ മാത്രമേ അവിടെ നിലവിലുള്ളൂ എന്നതാണ്. അപ്പോള്‍ സിനിമയ്ക്ക് എന്ത് സംഭവിക്കണമെന്ന് തീരുമാനിക്കുന്നത് അവരായി മാറും. അങ്ങനെയൊരു ഭീകരമായ അവസ്ഥയേക്കാള്‍ എന്തുകൊണ്ടും നല്ലത് നമ്മള്‍ സത്യസന്ധമായി റിവ്യൂ ഇടുന്നതാണ്.

സിനിമയ്ക്ക് റിവ്യൂ പറയുന്ന അന്ന് തന്നെ സിനിമ തകര്‍ന്നടിഞ്ഞു പോകുക എന്നതിന് പകരം ഒരു ചെറിയ ഡിസ്‌കഷന്‍ അവിടെയുണ്ടാകും. ഞാന്‍ അതിനെ അങ്ങനെയാണ് കാണുന്നത്. എനിക്ക് ആവറേജായി തോന്നിയ സിനിമയെ കുറിച്ച് ഞാന്‍ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് താഴെ ഒരു ഡിസ്‌കഷന്‍ കാണാന്‍ പറ്റും. അവിടെ എതിര്‍ക്കുന്നവരുണ്ടാകും അനൂകൂലിക്കുന്നവരുമുണ്ടാകും. അങ്ങനെയൊരു ഡിസ്‌കഷന്‍ ആ സിനിമയ്ക്ക് ആവശ്യമാണ്. ഒരു പോപ്പുലാരിറ്റി ക്രിയേറ്റ് ചെയ്യാനുള്ള മീഡിയ കൂടിയാണ് ഇത്. ഇങ്ങനെയൊരു സിനിമ റിലീസായിട്ടുണ്ടെന്ന് ആള്‍ക്കാര്‍ അറിയുന്നത് പോലും ഇത്തരം റിവ്യൂവിലൂടെയും ഡിസ്‌കഷനിലൂടേയുമായിരിക്കും.

സിനിമയ്ക്ക് നല്ല റിവ്യൂ ചെയ്യാന്‍ ആരെങ്കിലും പണം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, നെഗറ്റീവ് പറയുന്നത് അല്‍പം കുറച്ച് അഡ്ജസ്റ്റ് ചെയ്തൂടെ എന്ന് ചോദിച്ചവരുണ്ടെന്നായിരുന്നു ഉണ്ണിയുടെ മറുപടി. പെയ്‌മെന്റ് വാങ്ങി ഒരു റിവ്യൂ പോലും ഇതുവരെ ചെയ്തിട്ടില്ലെന്നും
പ്രൊമോഷന് വേണ്ടി ട്രെയിലര്‍ ഡീ കോഡിങ് പോലുള്ള വീഡിയോകള്‍ ചെയ്യാറുണ്ടെന്നും ഉണ്ണി പറഞ്ഞു. അവരോട് തന്നെ റിവ്യൂവിന്റെ കാര്യത്തില്‍ എന്താണോ അഭിപ്രായം അത് പറയുമെന്ന് വ്യക്തമാക്കാറുണ്ടെന്നും ഉണ്ണി പറഞ്ഞു.

സിനിമ ഇറങ്ങുന്നതിന് മുന്‍പ് അതിന് പരസ്യം ചെയ്യാം. അത് റിലീസായി പ്രശ്‌നമുണ്ടെങ്കില്‍ നമ്മള്‍ അത് പറയണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. റിവ്യൂവിനെ റിവ്യൂയായി തന്നെ കാണണം. എന്റെ അച്ഛന്‍ അഭിനയിച്ച ഒരു സിനിമ വന്നാലും എന്താണോ യാഥാര്‍ത്ഥ്യം അത് അതുപോലെ തന്നെ ഞാന്‍ പറയും, ഉണ്ണി പറയുന്നു.

Content Highlight: Unni Vlogs about Movie Reviews and Highcourt Case