താൻ ദുൽഖറിനോട് പറഞ്ഞ കഥ നിങ്ങളുടെ കൂട്ടുകാർ ആരെങ്കിലും ചെയ്യില്ലേയെന്ന് മമ്മൂക്ക ചോദിച്ചു, ആ കഥയാണ് ചാർലി: ഉണ്ണി.ആർ
Entertainment
താൻ ദുൽഖറിനോട് പറഞ്ഞ കഥ നിങ്ങളുടെ കൂട്ടുകാർ ആരെങ്കിലും ചെയ്യില്ലേയെന്ന് മമ്മൂക്ക ചോദിച്ചു, ആ കഥയാണ് ചാർലി: ഉണ്ണി.ആർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 07, 05:03 pm
Tuesday, 7th May 2024, 10:33 pm

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് ചാർലി. ഉണ്ണി ആറിന്റെ കഥയിൽ മാർട്ടിൻ പ്രകാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉണ്ട്.

ദുൽഖറിനോട് ചാർലിയുടെ കഥ താൻ പറഞ്ഞതറിഞ്ഞപ്പോൾ മമ്മൂട്ടിയാണ് തന്നോട് അത് സിനിമയായി ചെയ്യാൻ പറഞ്ഞതെന്ന് ഉണ്ണി പറയുന്നു. മുന്നറിയിപ്പ്‌ എന്ന ചിത്രത്തിന്റെ സമയത്താണ് അത് നടന്നതെന്നും ട്രൂ കോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ഒരിക്കൽ ചാർലിയുടെ കഥ ദുല്‍ഖറിനെ വിളിച്ച് പറഞ്ഞു. ഇത് വളരെ ഹെവിയാണല്ലോ, കൊള്ളാമെന്നും ദുല്‍ഖര്‍ മറുപടി തന്നു.
പിന്നീട് മുന്നറിയിപ്പിന്റെ സമയത്ത് മമ്മൂക്കയാണ് എന്റെ അടുത്ത് താന്‍ ദുല്‍ഖറിനോട് ഒരു സിനിമയുടെ കഥ പറഞ്ഞില്ലായിരുന്നോ അതെന്തായി എന്ന് ചോദിച്ചത്. ഒന്നുമായില്ലെന്ന് ഞാന്‍ പറഞ്ഞു. നിങ്ങളുടെ കൂട്ടുകാരോട് ആരോടെങ്കിലും പറ, അവര്‍ ചെയ്യില്ലേ എന്ന് അദ്ദേഹം ചോദിച്ചു.

ഞാന്‍ അങ്ങനെ അത് അമലിനോടോ അന്‍വറിനോടോ (അമല്‍ നീരദ്, അന്‍വര്‍ റഷീദ്) പറയാമെന്ന് കരുതി. അവിടെ അപ്പോള്‍ അപര്‍ണ ഇരിക്കുന്നുണ്ടായിരുന്നു. അപര്‍ണ ഫോണ്‍ ചെയത്‌കൊണ്ടിരിക്കുമ്പോള്‍ മാര്‍ട്ടിന്റെ അടുത്ത് ഇക്കാര്യം പറഞ്ഞു. അവര്‍ ഈ സമയത്ത് ദുല്‍ഖറുമായി ഒരു പടം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ചാര്‍ലി ചെയ്യുന്നത്,’ ഉണ്ണി ആര്‍ പറഞ്ഞു.

എന്നാൽ ചാർലിയുടെ കഥ മറ്റൊരാളോട് പറയാൻ തട്ടിക്കൂട്ടി എഴുതിയ കഥയാണെന്നും അയാൾക്ക് വർക്ക്‌ ആയില്ലെന്നും പിന്നീടാണ് ദുൽഖറിനോട് കഥ പറഞ്ഞതെന്നും ഉണ്ണി പറഞ്ഞു.

‘ജോലി രാജിവെച്ച സമയത്ത് ഗൗതം മോനോന് വേണ്ടി ഒരു കഥയെഴുതാന്‍ മദ്രാസില്‍ പോയിരുന്നു. അത് നടന്നില്ല. അവിടെയിരിക്കുമ്പോഴാണ് ഞാന്‍ നേരത്തെ അഡ്വാന്‍സ് വാങ്ങിയ ഒരാള്‍ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുന്നത്.

എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാന്‍ കഥയായിട്ടുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ അത് പറയൂ എന്നായി അദ്ദേഹം. ഞാന്‍ സ്ഥലത്തില്ല, മദ്രാസിലാണ് നേരിട്ട് പറയാമെന്ന് അദ്ദേഹത്തോട് പറഞ്ഞു.

ഉടന്‍ അദ്ദേഹം മദ്രാസിലെവിടെയാണെന്നും അദ്ദേഹം ഇവിടെ അടുത്തുണ്ടെന്നും പറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ ഈ സമയത്ത് ഞാന്‍ വെറുതെയുണ്ടാക്കിയ കഥയാണ് ചാര്‍ലി. രക്ഷപ്പെടാന്‍ വേണ്ടിയുണ്ടാക്കിയ കഥയായിരുന്നു അത്. പക്ഷെ അദ്ദേഹവുമായി അത് നടന്നില്ല. അതാണ് പിന്നീട് ദുൽഖറിനോട് പറഞ്ഞത്,’ഉണ്ണി ആർ പറയുന്നു.

 

Content Highlight: Unni R Talk About How Charli Movie Happend