| Tuesday, 7th May 2024, 9:02 pm

നാല് ലക്ഷം രൂപ കടം വാങ്ങി അൻവർ റഷീദ് തീർത്ത ആ ചിത്രം ചെയ്യാൻ സലിം കുമാർ പണം വാങ്ങിയില്ല: ഉണ്ണി ആർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മലയാളത്തിലെ ശ്രദ്ധേയമായ ആന്തോളജി ചിത്രങ്ങളിൽ ഒന്നായിരുന്നു കേരള കഫേ. ആന്തോളജിയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത മികച്ച ചിത്രമായിരുന്നു സലിം കുമാർ പ്രധാന വേഷത്തിലെത്തിയ ബ്രിഡ്ജ്.

ആ ചിത്രത്തിൽ അഭിനയിച്ചതിന് സലിം കുമാർ പണം വാങ്ങിയിട്ടില്ലെന്നും നാല് ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് അൻവർ റഷീദ് ചിത്രം പൂർത്തിയാക്കിയതെന്നും കഥാകൃത്ത് ഉണ്ണി ആർ പറയുന്നു. ട്രൂ കോപ്പി തിങ്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രഞ്ജിത് ഇങ്ങനെയൊരു പദ്ധതി ആലോചിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ അന്‍വര്‍ റഷീദ് ഒരു കഥ അന്വേഷിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ കഥ പറയുന്നത്. അദ്ദേഹത്തിന് അത് പെട്ടെന്ന് തന്നെ മനസ്സിലാകുകയും തിരിച്ച് വിളിക്കാമെന്ന് പറയുകയും ചെയ്തു. അന്‍വര്‍ രഞ്ജിത്തിനെ വിളിച്ച് കാര്യം പറയുകയും ചെയ്തു. അങ്ങനെയാണ് ബ്രിഡ്ജ് ചെയ്യുന്നത്.

ആ സിനിമക്ക് സലിം കുമാര്‍ പൈസ പോലും വാങ്ങിച്ചിട്ടല്ലെന്നാണ് തോന്നുന്നത്. 8 ലക്ഷം രൂപയായിരുന്നു അതിന്റെ ബഡ്ജറ്റ്. 12 ലക്ഷം രൂപയോളം അതിന് ചിലവായിട്ടുണ്ട്. 4 ലക്ഷം രൂപയോളം അന്‍വര്‍ കടം വാങ്ങിയതാണ്. 15 മിനിറ്റോളമുണ്ടായിരുന്ന സിനിമ ലെങ്ത്‌ കൂടിയത് കാരണം കട്ട് ചെയ്ത് വന്നപ്പോള്‍ 12 മിനിറ്റോളം മാത്രമേ ഉണ്ടായിരുന്നൊള്ളൂ,’ഉണ്ണി ആർ പറയുന്നു.

ദൃശ്യത്തിന് മുമ്പ് കലാഭവൻ ഷാജോൺ ശക്തമായ വില്ലൻ വേഷം ചെയ്ത ചിത്രമായിരുന്നു ബ്രിഡ്ജ് എന്നും. എന്നാൽ അത് ഒഴിവാക്കേണ്ടി വന്നെന്നും ഉണ്ണി പറഞ്ഞു.

അതിനകത്ത് കട്ട് ചെയ്ത് പോയൊരു ഭാഗമുണ്ട്. അത് കലാഭവന്‍ ഷാജോണിന്റെ ഒരു കഥാപാത്രമായിരുന്നു. ക്രൂരനായൊരു വൃത്തികെട്ട പലിശക്കാരന്റെ വേശമായിരുന്നു അത്. അത് പക്ഷെ സിനിമയില്‍ ഇല്ല. മികച്ച പെര്‍ഫോമന്‍സായിരുന്നു അതില്‍ അദ്ദേഹത്തിന്റേത്. അതിന് ശേഷമാണ് അദ്ദേഹം വില്ലനായി ദൃശ്യത്തില്‍ വരുന്നത്.

ശരിക്കും അദ്ദേഹം ആദ്യമായി വില്ലനായി അഭിനയിക്കുന്ന സിനിമ ബ്രിഡ്ജാണ്. ആ ഭാഗം കട്ട് ചെയ്തുപോയി. കണ്ടാല്‍ അടി കൊടുക്കാന്‍ തോന്നുന്നത്രയും വൃത്തികെട്ട വില്ലന്‍ സ്വഭാവമുള്ളൊരു കഥാപാത്രമായിരുന്നു അത്,’ ഉണ്ണി ആര്‍ പറഞ്ഞു.

Content Highlight: Unni R Talk About Anwar Rasheed’s Bridge Movie In Kerala Café  Anthology

We use cookies to give you the best possible experience. Learn more