| Tuesday, 10th April 2018, 7:52 am

കൊച്ചി പഴയ കൊച്ചിയുമല്ല, സിനിമ പഴയ സിനിമയുമല്ല; കമലിന് മറുപടിയുമായി തിരക്കഥാകൃത്ത് ഉണ്ണി.ആര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി പഴയ കൊച്ചിയല്ല എന്ന മമ്മൂട്ടി ചിത്രത്തിലെ  ഡയലോഗിനെ വിമര്‍ശിച്ച കമലിനു മറുപടിയുമായി തിരക്കഥാകൃത്ത് ഉണ്ണി.ആര്‍. ചിത്രത്തിലെ ഡയലോഗെഴുതിയ ആള്‍ എന്ന് സ്വയം വിശേഷിപ്പിച്ച് എഴുതിയ കുറിപ്പിലൂടെയാണ് ഉണ്ണി ആര്‍ കമലിന് മറുപടി നല്‍കിയത്.

“കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ലെന്നും ആ ഡയലോഗ് എന്തിനാണ് കമലിനെ ചൊടിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ഉണ്ണി ആര്‍. പറഞ്ഞു.

കൊച്ചി മാത്രമല്ല സിനിമയും കാലവും രാജ്യവും എല്ലാത്തിനും മാറ്റം വന്നിട്ടുണ്ട്. പഴയതെല്ലാം അതുപോലെ നിലനിര്‍ത്തണമെന്ന് വാദിക്കുന്നവരുടെ കൂട്ടത്തിലായിപ്പോയല്ലോ താങ്കള്‍ എന്നാണ് ഉണ്ണി ആര്‍ പറഞ്ഞത്.

അതു കുടാതെ രാജ്യത്തെ ബഹുസ്വരതയെ അംഗീകരിക്കാന്‍ താങ്കള്‍ ഇപ്പോഴും തയ്യാറായിട്ടില്ലെന്നതിന് തെളിവാണ് ഈ പ്രസ്താവന. ഇസ്‌ലാമിക് ഹെറിറ്റേജിന്റെ ബഹുസ്വരതയെക്കുറിച്ചുള്ള പരിപാടിയില്‍ വച്ചാണ് കമല്‍ ഇത് പറഞ്ഞതെന്നുമുള്ളത് വിചിത്രമാണെന്നുമാണ് ഉണ്ണി.ആര്‍ പറഞ്ഞത്.

കൊച്ചിക്ക് പല മുഖങ്ങളുണ്ട്  .അത് ഗ്രാമഫോണ്‍ സംഗീതം മാത്രമല്ല . ഒരു മുഖമേ കൊച്ചിക്കുള്ളൂ എന്ന് വാശി പിടിച്ചാല്‍ നമ്മളൊക്കെ ആഗ്രഹിക്കുന്ന ബഹുസ്വരത ഇല്ലാതാവുമെന്നും അദ്ദേഹം തന്‍റെ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ കമല്‍ മമ്മൂട്ടി ചിത്രമായ ബിഗ് ബിയിലെ കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗിനെതിരെ രംഗത്തുവന്നിരുന്നത്.


ALSO READ: ‘കൊച്ചി പഴയ കൊച്ചി തന്നെയാണ്’; മമ്മൂട്ടി ചിത്രത്തിലെ ഡയലോഗിനെതിരെ കമല്‍, വീഡിയോ


അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തിലെ ഡയലോഗ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പറഞ്ഞത്.

കൊച്ചി പഴയ കൊച്ചിയാണ് എന്നുള്ളതാണ് സത്യം. കാരണം കൊച്ചി പഴയ കൊച്ചിയല്ല എന്ന് ചലച്ചിത്രത്തിലൂടെ ഒരു സന്ദേശം നല്‍കുമ്പോള്‍ അത് കൊടുക്കുന്നത് പുതിയ തലമുറയ്ക്ക് വളരെ തെറ്റായ ഒരു ധാരണയാണ് കൊച്ചിയെക്കുറിച്ച് കൊടുക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഗ്രാമഫോണ്‍ എന്ന ചിത്രം കൊച്ചിയില്‍ ചിത്രീകരിച്ചപ്പോള്‍ പലരും തന്നെ നിരുത്സാഹപ്പെടുത്തിയെന്നും പക്ഷെ മട്ടഞ്ചേരിക്കാര്‍ തന്നോട് പൂര്‍ണ്ണമായി സഹകരിച്ചുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് കണ്ടപ്പോള്‍ ചില സുഹൃത്തുക്കള്‍ ആ സിനിമയെക്കുറിച്ച് പറഞ്ഞുവെന്നും ആ സിനിമയില്‍ മാത്രമാണ് കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ കാണാഞ്ഞതെന്നു പറഞ്ഞുവെന്നും കമല്‍ പറഞ്ഞു.

ഉണ്ണി. ആറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

“കൊച്ചി പഴയ കൊച്ചിയല്ല എന്ന സിനിമാ ഡയലോഗ് എങ്ങനെയാണ് എന്തിനാണ് താങ്കളെ ചൊടിപ്പിക്കുന്നത് എന്ന് എത്രയാലോചിച്ചിട്ടും പിടി കിട്ടുന്നില്ല. കൊച്ചിയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നുവെന്നോ? താങ്കള്‍ സിനിമയില്‍ സന്ദേശം വേണമെന്ന് കരുതുന്ന തലമുറയില്‍പ്പെട്ടയാളാണല്ലേ? എങ്കില്‍ ഒന്നുകൂടെ പറയാം കമല്‍ സര്‍, കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ല. ഒരു പാട് മാറി, മുന്നോട്ട് പോയി

ആ ഡയലോഗ് സിനിമയില്‍ നിന്ന് പുറപ്പെട്ട് എവിടെയൊക്കെ എത്തിപ്പെട്ടെന്ന് താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടോ? മാറ്റങ്ങളെക്കുറിച്ച് സൂചിപ്പിക്കാന്‍, പോസ്റ്ററുകളായും ക്യാംപെയ്ന്‍ ക്യാപ്ഷനുകളായും സംസാരങ്ങളിലെ രസങ്ങളായും ഒക്കെ തലമുറഭേദമോ ലിംഗഭേദമോ കൂടാതെ ആളുകള്‍ ഏറ്റെടുത്ത ഒരു വാചകമാണത്. അതും പുരോഗമനാത്മകമായിത്തന്നെ. അത് സിനിമയിലെ ഒരു ഗുണപാീ സന്ദേശ വാക്യമായി ഒതുങ്ങിയില്ല എന്നതു തന്നെയാണ് അതിന്റെ വിജയവും. കൊച്ചിയെക്കുറിച്ച് ഓര്‍മിച്ച് പറയാന്‍ താങ്കള്‍ക്കു പോലും മറ്റൊരു വാചകം കിട്ടിയില്ലല്ലോ എന്നാണ് എന്റെ അതിശയം.

കൊച്ചി മാത്രമല്ല സര്‍, കാലവും പഴയ കാലമല്ല, നമ്മുടെ രാജ്യവും പഴയ രാജ്യമല്ല. കമല്‍ എന്ന സംവിധായകന്‍ കമാലുദ്ദീന്‍ ആയി പെട്ടെന്ന് മാറിപ്പോയതിന്റെ ഭയപ്പെടുത്തുന്ന വൈരുദ്ധ്യത്തെ താങ്കള്‍ തിരിച്ചറിഞ്ഞു കാണുമല്ലോ? പഴയതെല്ലാം അതേപടി നിലനിര്‍ത്തണമെന്ന് വാദിക്കുന്നവരുടെ, മാറ്റങ്ങളെ അംഗീകരിക്കാന്‍ കഴിയാത്തവരുടെ ഭരണം. ബഹുസ്വരതയെ മനസ്സിലാവാത്തവരുടെ ഭരണം. ഇസ്ലാമിക് ഹെറിറ്റേജിന്റെ ബഹുസ്വരതയെക്കുറിച്ചുള്ള ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടാണ് താങ്കള്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത് എന്നതും വിചിത്രമാണ്.

കൊച്ചിക്ക് പല മുഖങ്ങളുണ്ട് സാര്‍ .അത് ഗ്രാമഫോണ്‍ സംഗീതം മാത്രമല്ല .ഒരു മുഖമേ കൊച്ചിക്കുള്ളൂ എന്ന് വാശി പിടിച്ചാല്‍ നമ്മളൊക്കെ ആഗ്രഹിക്കുന്ന ബഹുസ്വരത ഇല്ലാതാവും. മലയാള സിനിമയില്‍ സാമൂഹ്യ വിരുദ്ധവും അരാഷ്ട്രീയവുമായ ഡയലോഗുകള്‍ ഉണ്ട് എന്ന് പറയുകയായിരുന്നു താങ്കളുടെ ഉദ്ദേശമെങ്കില്‍ അത് പറയണമായിരുന്നു. പക്ഷേ അതിനു വേണ്ടി താങ്കള്‍ തിരഞ്ഞെടുത്ത ഡയലോഗ് മാറിപ്പോയി എന്ന് സ്‌നേഹപൂര്‍വ്വം വിമര്‍ശിക്കട്ടെ.

എന്ന് ,

വിനയപൂര്‍വ്വം,

ആ ഡയലോഗ് എഴുതിയ ഉണ്ണി ആര്‍

We use cookies to give you the best possible experience. Learn more