''വാങ്ക്' നാടകം എന്റേതല്ല'; നാടകത്തിനെതിരെ ഉണ്ണി ആർ
Kerala News
''വാങ്ക്' നാടകം എന്റേതല്ല'; നാടകത്തിനെതിരെ ഉണ്ണി ആർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th November 2018, 7:27 pm

കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാംസമ്മാനം നേടിയ നാടകം “കിത്താബി”നെക്കുറിച്ചുള്ള വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി ഉണ്ണി ആര്‍ രംഗത്ത് വന്നു. നാടകം ഉണ്ണി ആറിന്റെ കഥ “വാങ്കിനെ” ആസ്പദമാക്കി ചെയ്തതാണെന്ന അണിയറ പ്രവര്‍ത്തകരുടെ വാദത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാടകത്തിന് തന്റെ കഥയുമായി ബന്ധമുള്ളതായി തോന്നിയില്ലെന്നും തന്റെ അറിവില്ലാതെയാണ് “വാങ്ക്” നാടകമാക്കി അവതരിപ്പിച്ചതെന്നും അദ്ദേഹംപറഞ്ഞു.

Also Read മലപ്പുറത്ത് ഇടി മിന്നലേറ്റ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

“വാങ്ക് എന്ന എന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് നാടകം ചെയ്തതിരിക്കുന്നത് എന്ന് അവർ പറയുന്നു. എന്നാൽ എന്റെ കഥയിലുള്ള രാഷ്ട്രീയവും അത് സംവദിക്കുന്ന കാര്യങ്ങളുമായും ബന്ധപെടുത്താതെ ഇസ്‌ലാമിനെ ഒരു പ്രാകൃതമതമായി ചിത്രീകരിക്കുകയാണ് നാടകം അവതരിപ്പിക്കുക വഴി അവർ ചെയ്തിരിക്കുന്നത്. ഇസ്‌ലാം മതത്തിനും രാഷ്ട്രീയത്തിനും വിരുദ്ധമായി നില്‍ക്കുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ എന്റെ കഥയുപയോഗിച്ച് ഇസ്‌ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കാനുള്ള ശ്രമത്തെ എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. ഒരുകാരണവശാലും സംസ്ഥാന കലോത്സവത്തില്‍ എന്റെ കഥയെന്ന പേരില്‍ ഈ നാടകം അവതരിപ്പിക്കാൻ പാടില്ല എന്ന് ഞാന്‍ ഡി.പി.ഐയോട് പരാതിപ്പെട്ടിട്ടുണ്ട് ” അദ്ദേഹം പറഞ്ഞു

Also Read അമ്പത്തൊന്ന് അക്ഷര വീടുകളുമായി “അമ്മ”; തീം സോംഗ് പുറത്തുവിട്ടു; സംവിധാനം ആഷിഖ് അബു

താൻ ഇസ്‌ലാമിനെ പ്രാകൃത മതമായി അല്ല കാണുന്നതെന്നും ഇസ്‌ലാമില്‍ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്ന ഭാഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാടകത്തിന് എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്ന ഇസ്‌ലാമിനെ ഒരു പ്രാകൃത മതമാക്കി മാറ്റാന്‍ നടക്കുന്ന, തീവ്ര ഇസ്‌ലാമിക സംഘടനയായ എസ്.ഡി.പി.ഐയെപ്പോലുള്ളവരുടെ സമരങ്ങളെ താൻ അനുകൂലിക്കാൻ തയാറല്ല. എന്റെ കഥയുടെ അടിസ്ഥാന പ്രമേയത്തെ ഇത്തരം സംഘടനകൾക്ക് ഒരിക്കലും ഉൾകൊള്ളാൻ സാധിക്കില്ല. ലോകമെമ്പാടുമുള്ള ഒരു ഇസ്‌ലാം വിരുദ്ധ രാഷ്ട്രീയമുണ്ട്, അതിനു അനുകൂലമാണ് എന്റെ കഥയെന്നു കരുതരുത്. തന്റെ കഥയെ ഏത് രീതിയിലും ഉപയോഗിക്കാം എന്ന് ആരും കരുതേണ്ട.

Also Read സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് ; എ.എന്‍.രാധാകൃഷ്ണനടക്കം 40 പേര്‍ക്കെതിരെ കേസ്

മുസ്‌ലിം പള്ളിയില്‍ വാങ്ക് വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന് ഒന്നാം സമ്മാനം നേടിയ ഈ നാടകത്തിന്റെ ഉള്ളടക്കം. വാങ്ക് വിളിക്കാന്‍ മുക്രിയുടെ മകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് നാടകത്തിലുള്ളത്. ഇതിനെതിരെ ഇസ്‌ലാം സംഘടനകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്നും ഇസ്ലാം വിരുദ്ധമായി എന്തെങ്കിലും നാടകത്തിൽ ഉള്ളതായി തോന്നിയാൽ പരിഹരിക്കാൻ തയാറാണെന്നും സ്കൂൾ അധികൃതർ പറഞ്ഞു.