തിരുവനന്തപുരം: ഫാസിസത്തിന്റെ നിയമങ്ങള്‍ അനുസരിക്കാനുള്ളതല്ല ലംഘിക്കാനുള്ളതാണെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി.ആര്‍. രാഷ്ട്രീയപരമായ ജാഗ്രതയില്ലായ്മ മൂലമാണ് ഫാസിസം വിലക്കുകളുടെ രൂപത്തില്‍ നമുക്ക് മേല്‍ കടന്ന് കയറുന്നതെന്ന് സംവിധായിക വിധുവിന്‍സന്റ് പറഞ്ഞു. കേന്ദ്രം വിലക്കിയ മൂന്ന് ഹ്രസ്വചിത്രങ്ങള്‍ എസ്.എഫ്.ഐ നേതൃത്വത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
നിരോധനങ്ങളുടേതല്ല വൈവിദ്ധ്യങ്ങളുടേതാണ് ഇന്ത്യയെന്നായിരുന്നു എസ്.എഫ്.ഐ യുടെ സിനിമ പ്രദര്‍ശനത്തിലെ മുദ്രാവാക്യം. കേന്ദ്ര സര്‍ക്കാരിന്റെ സിനിമ വിലക്കിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്ത് സംസാരിക്കവെ എഴുത്തുകാരന്‍ ഉണ്ണി ആര്‍ ഫാസിസത്തിന്റെ നിയമങ്ങള്‍ ലംഘിക്കുന്നതാണ് ഏറ്റവും വലിയ ജനാധിപത്യ പ്രവര്‍ത്തനമെന്ന് പ്രഖ്യാപിച്ചു. അതേസമയം, ഫാസിസം കടന്ന് കയറുന്ന വഴികളെ കുറിച്ചായിരുന്നു വിധു വിന്‍സന്റ് സംസാരിച്ചത്.
രാജ്യത്തെ വിഭജിച്ച് മാറ്റുകയാണ് സംഘ പരിവാറെന്ന് എഴുത്തുകാരന്‍ പി.ജെ വിന്‍സന്റ് കുറ്റപ്പെടുത്തി. തുടര്‍ന്ന് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ അവതരണാനുമതി നിഷേധിച്ച ഇന്‍ ദി ഷേയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍ എന്ന കശ്മീരി ഡോക്യുമെന്ററി വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചു. ഇന്നത്തെ പ്രദര്‍ശനത്തിനു പിന്നാലെ സംസ്ഥാന വ്യാപകമായി ക്യാമ്പസുകളില്‍ മൂന്ന് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനാണ് എസ്.എഫ്.ഐ തീരുമാനം.