കോഴിക്കോട്: തീവ്ര ഹിന്ദുത്വ പ്രാചരകനും അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവുമായ പ്രതീഷ് വിശ്വനാഥിനെ സന്ദര്‍ശിച്ച് നടന് ഉണ്ണി മുകുന്ദന്. ഫേസ്ബുക്കിലൂടെയാണ് പ്രതീഷ് സന്ദര്‍ശന വിവരം അറിയിച്ചത്.
പ്രതീഷിന്റെ വസതിയിലെത്തിയാണ് ഉണ്ണി മുകുന്ദന് അദ്ദേഹത്തെ കണ്ടത്. ‘ചലച്ചിത്ര താരവും സുഹൃത്തുമായ ഉണ്ണിമുകുന്ദന് വീട്ടിലെത്തിയപ്പോള്‍,’ എന്ന ക്യാപ്ഷനിലായിരുന്നു ഇരുവരും തമ്മിലുള്ള ഫോട്ടോ പ്രതീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 2020ലും ഉണ്ണി മുകുന്ദന് പ്രതീഷിനെ സന്ദര്‍ശിച്ചിരുന്നു. അന്നും ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം അദ്ദേഹം പങ്കുവെച്ചിരുന്നു.
അതേസമയം, കലാപാഹ്വാനം നടത്തിയതിന് പ്രതീഷ് വിശ്വനാഥിനെതിരെ ഡി.ജി.പിക്ക് കഴിഞ്ഞ ദിവസം പരാതി ലഭിച്ചിരുന്നു. ഹൈക്കോടതി അഭിഭാഷകനും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ഇന്‍ ചാര്‍ജുമായ അനൂപ് വി.ആറാണ് പരാതിനല്കിയിരുന്നത്.
ആയുധപ്രദര്‍ശനം അടക്കം നടത്തിയതിന് മുമ്പ് നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ കൂടിയാണ് പരാതി നല്‍കിയതെന്ന് അനൂപ് വി.ആര്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
‘അരിയും മലരും ഉഴിഞ്ഞുവച്ചു. ഇനി അടുത്ത ഘട്ടം ബലിയാണ്. കാളി മാതാവിനുള്ള ബലി’ എന്ന പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനെതിരെയാണ് പരാതി.
ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിന് മറുപടി എന്നോണമായിരുന്നു പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്.
അതേസമയം, മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന് തന്നെ നിര്‍മ്മിക്കുന്ന ‘ഷെഫീഖിന്റെ സന്തോഷം’ ചിത്രീകരണം നടക്കുകയാണ്.
CONTNT HIGHLIGHTS: Unni Mukundan visits hindutva leader Pratheesh Vishwanath