|

ഒരു അഭിമുഖത്തില്‍ നായര്‍ എന്ന് പറഞ്ഞപ്പോള്‍ കുറെ ട്രോള്‍ വന്നു, അതുകൊണ്ടാണ് പേര് വിഴുങ്ങി പറയുന്നത്: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു അഭിമുഖത്തില്‍ പേരിലെ നായര്‍ പറഞ്ഞപ്പോള്‍ തനിക്കെതിരെ ട്രോളുകള്‍ വന്നിട്ടുണ്ടെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍. തന്റെ പേര് ഇങ്ങനെയാണെന്നും അത് മാറ്റാന്‍ പറ്റില്ലല്ലോ എന്നും സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി പറഞ്ഞു.

‘ലോഹി സാറിന്റെ അഡ്രസ് തപ്പിപിടിച്ച് അച്ഛന്‍ തന്നില്ലായിരുന്നെങ്കില്‍ ഞാന്‍ സൈന്യത്തില്‍ ചേര്‍ന്നേനെ. സിനിമയില്‍ വരാന്‍ ഇഷ്ടമായിരുന്നു. പക്ഷേ നടക്കണമെന്നില്ലല്ലോ. എന്റെ ഒരു ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോള്‍ അതൊരു വ്യത്യസ്തമായ ചിന്തയാണെന്ന് അച്ഛന്‍ പറഞ്ഞതുകൊണ്ട് മാത്രം വന്നതാണ്. അമ്മയും ഓകെ പറഞ്ഞു.

വ്യക്തികളെന്ന നിലയില്‍ അച്ഛനേയും അമ്മയേയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഞാന്‍ ഒരു ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നാണ് വരുന്നത്. എന്ത് ചെയ്യണമെന്ന് അറിയില്ല. തൃശ്ശൂരും ഗുരുവായൂര്‍ ഭാഗത്തുള്ള പ്രധാനപ്പെട്ട സംവിധായകരെ ഒന്ന് തപ്പിനോക്കാം എന്ന് അച്ഛന്‍ പറഞ്ഞു. അച്ഛന്‍ ഒരു അഡ്രസ് കണ്ടെത്തി, ഞാന്‍ കത്തെഴുതി.

എന്റെ പേര് ഉണ്ണികൃഷ്ണന്‍ മുകുന്ദന്‍….( ഉണ്ണികൃഷ്ണന്‍ മുകുന്ദന്‍ നായര്‍ എന്ന് അവതാരക കൂട്ടിച്ചേര്‍ക്കുന്നു). അതേയതേ, ഞാന്‍ ലാലേട്ടന്റെ ഏതോ അഭിമുഖത്തില്‍ നായര്‍ എന്ന് പറഞ്ഞപ്പോള്‍ അതിന്റെ പേരില്‍ കുറെ ട്രോള്‍ വന്നു. അതുകൊണ്ടാണ് നായര്‍ എന്നുള്ളത് വിഴുങ്ങി പറഞ്ഞത്. ഇനി പറഞ്ഞാലും വിഷയമില്ല. പേരതാണ്, ഇനി മാറ്റാന്‍ പറ്റില്ലല്ലോ.

അപ്പോള്‍ കത്തില്‍ പറഞ്ഞത്, ഞാന്‍ ഗുജറാത്തിലാണ്. എനിക്ക് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്താണെന്ന് എനിക്ക് അറിയില്ല എന്നൊക്കെ എഴുതി. പിന്നെ ചെറിയ ഒരു തട്ട് തട്ടി. എനിക്ക് ആറടി പൊക്കമുണ്ട് എന്ന് പറഞ്ഞു. ഞാന്‍ അഞ്ചടിയായിരുന്നു. അന്ന് ലോഹി സാര്‍ കണ്ടപ്പോള്‍ തന്നെ നിനക്ക് ആറടി പൊക്കമില്ലല്ലോ എന്ന് പറഞ്ഞു. അന്ന് എനിക്ക് 17ഓ 18ഓ വയസ് മാത്രമേ പ്രായമുള്ളൂ. അച്ഛന്‍ രജിസ്റ്റേര്‍ഡ് കത്താണ് അയച്ചത്. പിന്നെ ഒരു കഥാപാത്രം കിട്ടി. അത് ജീവിതം മാറ്റിയ നിമിഷമായിരുന്നു,’ ഉണ്ണി പറഞ്ഞു.

ഷെഫീക്കിന്റെ സന്തോഷമാണ് പുതുതായി റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ ചിത്രം. അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രം നവംബര്‍ 25നാണ് റിലീസ് ചെയ്തത്. ബാല, ആത്മീയ, ദിവ്യ പിള്ളൈ, മനോജ് കെ. ജയന്‍, സ്മിനു സിജോ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

Content Highlight: unni mukundan talks about the controversies regarding his name