ഉണ്ണി മുകുന്ദന്‍ ഷെയര്‍ ചെയ്ത മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ദൂരദര്‍ശന് നല്‍കിയ മമ്മൂട്ടിയുടെ പഴയ അഭിമുഖമാണ് ആണ് ഉണ്ണി മുകുന്ദന്‍ ഷെയര്‍ ചെയ്തത്. കോളേജില്‍ പഠിക്കുമ്പോള്‍ മുഹമ്മദ് കുട്ടി എന്ന തന്റെ യഥാര്‍ത്ഥ പേര് മറച്ചുപിടിച്ചെന്നും എന്നാല്‍ തന്റെ കൂട്ടുകാരന്‍ തന്നെ ഇത് കണ്ടെത്തിയെന്നുമാണ് മമ്മൂട്ടി പറയുന്നത്.
‘ഈ മുഹമ്മദ് കുട്ടി എന്ന പേരിന്റെ ഒരു അസ്‌കിത ഉണ്ടല്ലോ. അത് വല്ലാത്ത പഴഞ്ചന്‍ പേരാണെന്ന് തോന്നുമെനിക്ക്. പഴഞ്ചന്‍ പേരെന്ന് പറഞ്ഞാല്‍ പ്രായമായ ആള്‍ക്കാരൊക്കെ ഇല്ലേ, എന്റെ ഉപ്പൂപ്പയുടെ പേരാണ്. ആ ലെവലിലാണ് ഞാന്‍ ചിന്തിക്കുന്നത്. എന്റെ ഓര്‍മക്ക് മുമ്പ് പുള്ളി മരിച്ചുപോയി. അപ്പോള്‍ അത്രയും പ്രായമായവരുടെ പേര് എനിക്ക് ഇട്ടുകഴിഞ്ഞാലുള്ള അരോചകം ഞാന്‍ ആലോചിച്ചു.
മഹാരാജാസില്‍ ഫസ്റ്റ് ഇയര്‍ ചെന്നപ്പോള്‍ ഈ മുഹമ്മദ് കുട്ടി എന്നുള്ള പേര് ഞാനങ്ങ് ഒളിപ്പിച്ചു. ആ പേര് അപ്പാടെ അങ്ങ് മറച്ചു. എന്റെ പേര് ചോദിക്കുന്നവരോടൊക്കെ ഞാന്‍ ഒമര്‍ ഷെരീഫ് എന്ന് പറഞ്ഞു. അന്നത്തെ കാലത്ത് കോളേജില്‍ ഐഡന്റിറ്റി കാര്‍ഡുണ്ട്. എന്റെ ഐഡന്റിറ്റി കാര്‍ഡ് ഒരുത്തന് വീണുകിട്ടിയിട്ട് അവന്‍ വായിച്ചു, നിന്റെ പേര് മമ്മൂട്ടി എന്നാണോ എന്ന് ചോദിച്ചു. അങ്ങനെ എന്റെ പേര് മമ്മൂട്ടി ആയതാണ്. എന്റെ കള്ളത്തരം അവര്‍ പിടിച്ചു. ശശിധരന്‍ എന്ന് പറഞ്ഞൊരു ഫ്രണ്ടാണ്. അവനിപ്പോള്‍ എവിടാണോ ആവോ?,’ മമ്മൂട്ടി പറഞ്ഞു.
തന്റെ കോളേജ് കാലഘട്ടത്തെ പറ്റി വളരെ ആസ്വദിച്ചാണ് മമ്മൂട്ടി അഭിമുഖത്തില്‍ സംസാരിക്കുന്നത്. അതേസമയം രസകരമായ പല കമന്റുകളും വീഡിയോക്ക് വരുന്നുണ്ട്. സംസാരിക്കുമ്പോള്‍ മുഖത്തു മിന്നി മറയുന്ന ഭാവങ്ങള്‍ എന്തുരസമാണ്, എന്റെ കൗമാരത്തിലെ ഹീറോ. എനിക്ക് 40 വയസ് കഴിഞ്ഞിട്ടും ഇന്നും അദ്ദേഹം തന്നെ പ്രിയപ്പെട്ട നടന്‍, ഒരു പ്രതിഭക്ക് മമ്മൂട്ടി എന്ന പേര് നല്‍കിയ ‘ശശിധരന്‍’ ഒരു ബാര്‍ബര്‍ ബാലനായി ഇപ്പോളും തിരശീലയില്‍ മറഞ്ഞു നില്‍ക്കുന്നു, ഇനി ആ ശശിധരനായിരിക്കുമോ ഇപ്പോഴത്തെ ശശി തരൂര്‍, ആ ശശിധരന്‍ എന്റെ അയല്‍വാസിയാണ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
റോഷാക്കാണ് ഒടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍ പകല്‍ നേരത്ത് മയക്കം, ജിയോ ബേബിയുടെ കാതല്‍ എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങള്‍.
Content Highlight: Unni Mukundan shared Mammootty’s old video