|

പൃഥ്വി മറ്റെന്തോ കാര്യത്തിന് ദേഷ്യപ്പെട്ടതാണെന്ന് കരുതി ഞാന്‍ പരിഭ്രമിച്ചുപോയി; ആ സീനില്‍ എന്റേത് അഭിനയമായിരുന്നില്ല: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി മുകുന്ദന്‍ പൊലീസ് വേഷത്തിലെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഭ്രമം. ഇതുവരെ താരം ചെയ്ത കഥാപാത്രങ്ങളില്‍ നിന്നൊക്കെ തികച്ചും വ്യത്യസതമായ വേഷമായിരുന്നു ഭ്രമത്തിലേക്ക്. ചിത്രത്തിലെ ഉണ്ണിയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഭ്രമം ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് ഉണ്ണി മുകുന്ദന്‍. പൃഥ്വിരാജുമൊത്തുള്ള ഒരു രംഗം ഷൂട്ട് ചെയ്യുന്നതിനിടെയുണ്ടായ രസകരമായ സംഭവമാണ് താരം മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞ്.

”പൊലീസ് സ്റ്റേഷനിനുള്ളില്‍ ഒരു സീന്‍ എടുക്കുകയായിരുന്നു. പൃഥ്വിയും ഞാനും തമ്മിലുള്ള കോമ്പിനേഷന്‍. പൃഥ്വിയുടെ കഥാപാത്രം സ്റ്റേഷനിലേക്കെത്തി എന്നോട് സംസാരിക്കുകയും പിന്നീട് ദേഷ്യപ്പെടുകയും തിരിച്ച് ഞാനയാളുടെ നേരെ തോക്കുചൂണ്ടി മറുപടി നല്‍കുന്നതുമാണ് രംഗം. റിഹേഴ്സല്‍ ഓക്കെയായപ്പോള്‍ ഷൂട്ടിങ് തുടങ്ങി.

ആക്ഷന്‍ പറഞ്ഞപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍നിന്ന് പൃഥ്വി ഇരുന്നിരുന്ന കസേര തട്ടിത്തെറിപ്പിച്ച് ദേഷ്യത്തോടെ എന്റെ നേര്‍ക്ക് എഴുന്നേറ്റു. അത്തരത്തില്‍ കസേര തട്ടിത്തെറിപ്പിക്കലൊന്നും തിരക്കഥയിലോ റിഹേഴ്സലിലോ ഉണ്ടായിരുന്നില്ല. പൃഥ്വിരാജ് മറ്റെന്തോ കാര്യത്തില്‍ ദേഷ്യപ്പെട്ടു കസേര തട്ടിത്തെറിപ്പിച്ചു എന്നാണ് ഞാന്‍ കരുതിയത്.

ശരിക്കും പരിഭ്രമിച്ചുപോയ നിമിഷം. എന്താണ് കാര്യമെന്നറിയാതെ പകച്ചുനിന്ന എന്റെ മുന്നില്‍ വന്നുനിന്ന് പൃഥ്വി കഥാപാത്രത്തിന്റെ ഡയലോഗ് പറഞ്ഞുനിര്‍ത്തി. ഞാന്‍ പരിഭ്രമം കലര്‍ന്ന രീതിയില്‍ തോക്ക് തപ്പിത്തടഞ്ഞെടുത്തെല്ലാമാണ് മറുപടി നല്‍കിയത്.

സീനില്‍ ചങ്കിടിപ്പോടെ ഭയം പുറത്തുകാണിക്കാതെ എന്റെ കഥാപാത്രം മറുപടി പറയണമായിരുന്നു. കസേര തട്ടിത്തെറിപ്പിച്ചതുകണ്ട് പരിഭ്രമിച്ചതാണെങ്കിലും മൂഡ് കൃത്യമായി. സീനിന് കട്ട് പറഞ്ഞപ്പോള്‍ ചുറ്റും നിന്നവര്‍ കൈയടിച്ച് പ്രകടനത്തെ അഭിനന്ദിച്ചു. യഥാര്‍ഥത്തിലുള്ള എന്റെ പരിഭ്രമത്തിന്റെ കാര്യം പറഞ്ഞതോടെ പൃഥ്വി ഉള്‍പ്പെടെയുള്ളവരില്‍ ചിരിപൊട്ടുകയായിരുന്നു,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

പൃഥ്വിരാജാണ് ഭ്രമത്തിലേക്ക് തന്നെ ക്ഷണിച്ചതെന്നും ഇതുവരെ ചെയ്തതില്‍നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ്, ഒന്ന് കേട്ടുനോക്കൂ എന്നായിരുന്നു പൃഥ്വി പറഞ്ഞതെന്നും ഉണ്ണി മുകുന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ കഥാപാത്രം തന്റെ കയ്യില്‍ നില്‍ക്കുമെന്ന വിശ്വാസം പൃഥ്വിയ്ക്ക് ഉണ്ടായിരുന്നെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Unni Mukundan share Bhramam Shooting Experiance with Prithviraj