| Monday, 28th November 2022, 11:14 pm

സിനിമയിലെത്തിയില്ലായിരുന്നെങ്കില്‍ സൈന്യത്തില്‍ ചേരുമായിരുന്നു: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെത്തിയില്ലായിരുന്നെങ്കില്‍ സൈന്യത്തില്‍ ചേരുമായിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍. സംവിധായകന്‍ ലോഹിതദാസിന്റെ നമ്പര്‍ തപ്പി കണ്ടുപിടിച്ചു തന്നത് അച്ഛനാണെന്നും ചെറിയ പ്രായത്തിലായിരുന്നു ലോഹിതദാസിനെ പോയി കണ്ടതെന്നും സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

‘ലോഹി സാറിനെ കണ്ടപ്പോള്‍ കിട്ടിയ ഫീഡ് ബാക്ക് വ്യക്തി എന്ന നിലയില്‍ വളരെ വലുതായിരുന്നു. പതിനേഴ് പതിനെട്ട് വയസുള്ള ഒരാളെ അത്രയും മര്യാദ വെച്ച് പുള്ളി ഹാന്‍ഡില്‍ ചെയ്തത് ഭയങ്കര വെല്‍കമിങ്ങായിരുന്നു. എന്റെ ഹാന്‍ഡ്റൈറ്റിങ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, എന്തെങ്കിലുമൊക്കെ കാണുമെന്ന് വിചാരിച്ചു. പുള്ളിയുടെ വിഷനായിരുന്നു അത്. പിന്നീട് പല സ്ഥലത്ത് നിന്നും എനിക്ക് നെഗറ്റീവ് ഫീഡ്ബാക്ക്‌സ് കിട്ടിയിട്ടുണ്ട്. എല്ലാവരും അതുപോലെയല്ല, ലോഹി സാറിനെ പോലെയുള്ള ആളുകളുണ്ട്. അതാണ് എന്നെ മുന്നോട്ട് പോകാന്‍ സഹായിക്കുന്നത്.

ലോഹി സാറിന്റെ അഡ്രസ് തപ്പിപിടിച്ച് അച്ഛന്‍ തന്നില്ലായിരുന്നെങ്കില്‍ ഞാന്‍ സൈന്യത്തില്‍ ചേര്‍ന്നേനെ. സിനിമയില്‍ വരാന്‍ ഇഷ്ടമായിരുന്നു. പക്ഷേ നടക്കണമെന്നില്ലല്ലോ. എന്റെ ഒരു ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോള്‍ അതൊരു വ്യത്യസ്തമായ ചിന്തയാണെന്ന് അച്ഛന്‍ പറഞ്ഞതുകൊണ്ട് മാത്രം വന്നതാണ്. അമ്മയും ഓക്കെ പറഞ്ഞു.

വ്യക്തികളെന്ന നിലയില്‍ അച്ഛനേയും അമ്മയേയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഞാന്‍ ഒരു ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നാണ് വരുന്നത്. എന്ത് ചെയ്യണമെന്ന് അറിയില്ല. തൃശൂരും ഗുരുവായൂരുമുള്ള പ്രധാനപ്പെട്ട സംവിധായകരെ ഒന്ന് തപ്പിനോക്കാം എന്ന് അച്ഛന്‍ പറഞ്ഞു. അച്ഛന്‍ ഒരു അഡ്രസ് കണ്ടെത്തി, ഞാന്‍ കത്തെഴുതി.

കത്തില്‍ പറഞ്ഞത്, ഞാന്‍ ഗുജറാത്തിലാണ്., എനിക്ക് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്, എന്താണെന്ന് എനിക്ക് അറിയില്ല എന്നൊക്കെ എഴുതി. പിന്നെ ചെറിയ ഒരു തട്ട് തട്ടി. എനിക്ക് ആറടി പൊക്കമുണ്ട് എന്ന് പറഞ്ഞു. ഞാന്‍ അഞ്ചടിയായിരുന്നു. അന്ന് ലോഹി സാര്‍ കണ്ടപ്പോള്‍ തന്നെ നിനക്ക് ആറടി പൊക്കമില്ലല്ലോ എന്ന് പറഞ്ഞു. അച്ഛന്‍ രജിസ്റ്റേര്‍ഡ് കത്താണ് അയച്ചത്. പിന്നെ ഒരു കഥാപാത്രം കിട്ടി. അത് ജീവിതം മാറ്റിയ നിമിഷമായിരുന്നു,’ ഉണ്ണി പറഞ്ഞു.

ഷെഫീക്കിന്റെ സന്തോഷമാണ് പുതുതായി റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ ചിത്രം. അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രം നവംബര്‍ 25നാണ് റിലീസ് ചെയ്തത്. ബാല, ആത്മീയ, ദിവ്യ പിള്ളൈ, മനോജ് കെ. ജയന്‍, സ്മിനു സിജോ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

Content Highlight: Unni Mukundan said that if he had not entered the cinema, he would have joined the army

We use cookies to give you the best possible experience. Learn more