| Sunday, 27th February 2022, 2:45 pm

'ജീവിതകാലം മുഴുവന്‍ മേപ്പടിയാന്‍ നാണമില്ലാതെ ആഘോഷിക്കും'; ഫേസ്ബുക്ക് കമന്റിന് ഉണ്ണി മുകുന്ദന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന കമന്റിന് നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുന്നു. ഉണ്ണി മുകുന്ദന്റെ സിനിമയായ മേപ്പടിയാനില്‍ സര്‍ക്കാര്‍ ഓഫീസില്‍ നായകനായ ജയകൃഷ്ണന്‍ നിരാശനായി നില്‍ക്കുന്ന ചിത്രമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

‘സര്‍, സര്‍ക്കാര്‍ ഓഫീസെന്ന് പറഞ്ഞാല്‍ സാധാരണക്കാരെ സഹായിക്കാന്‍ ഉള്ളതാകണം..’ജയകൃഷ്ണന്റെ നിസഹായ നിമിഷങ്ങള്‍,’ എന്നാണ് ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

പോസ്റ്റിന് താഴെ ‘ഇപ്പോഴും മേപ്പടിയന്‍ ഹാംഗ് ഓവറിലാണോ ഉണ്ണി? അടുത്ത സിനിമ ചെയ്യൂ, ഞങ്ങള്‍ കാത്തിരിക്കാം,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

ഇതിന് മറുപടിയായി ജീവിതകാലം മുഴുവന്‍ ഞാന്‍ ഈ സിനിമ നാണമില്ലാതെ ആഘോഷിക്കുമെന്നും പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നും ഉണ്ണി പറയുന്നു.

‘ഈ സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ നാല് വര്‍ഷമെടുത്തു. ഒ.ടി.ടിക്ക് നല്‍കുന്നതിന് മുമ്പ് ഞാന്‍ അത് വീണ്ടും ഒരു വര്‍ഷത്തേക്ക് ഹോള്‍ഡ് ചെയ്തു. ആവശ്യമെങ്കില്‍, ഒരു നടനെന്ന നിലയില്‍ എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഈ സിനിമ നാണമില്ലാതെ ആഘോഷിക്കും. കാരണം ഈ സിനിമ എത്രത്തോളം മികച്ചതാണെന്നതിലും, പ്രേക്ഷകര്‍ അത് എത്ര മനോഹരമായി സ്വീകരിച്ചുവെന്നതിലും ഞാന്‍ അഭിമാനം കൊള്ളുന്നു’ ഉണ്ണി മറുപടി നല്‍കി.

ഉണ്ണി മകുന്ദന്‍ ആദ്യമായി നിര്‍മാതാവ് കൂടിയായ ചിത്രമാണ് മേപ്പടിയാന്‍. 2019ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു.

ചിത്രത്തിലെ ഉണ്ണിയുടെ പ്രകടനവും മേക്കോവറും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ജനുവരി 14 ന് തിയേറ്ററിലെത്തിയ മേപ്പടിയാന്‍ ഫെബ്രുവരി 18ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും മേപ്പടിയാന്‍ ഇടംനേടിയിരുന്നു. ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലാണ് മേപ്പടിയാന്‍ ഇടംനേടിയത്.

ദുബൈ എക്സ്പോയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. എക്സ്പോയിലെ ഇന്ത്യ പവലിയനില്‍ ദി ഫോറം ലെവല്‍ 3ല്‍ ആയിരുന്നു പ്രദര്‍ശനം. ദുബൈ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയായിരുന്നു മേപ്പടിയാന്‍.


Content Highlight: Unni Mukundan’s reply to a Facebook comment

We use cookies to give you the best possible experience. Learn more