|

'രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും എനിക്ക് വലിയ ബഹുമാനമാണ്'; ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാകുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള പ്രചരണത്തിന് വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വ്യാജമാണെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വിടുമ്പോള്‍ മാധ്യമങ്ങള്‍ വസ്തുത പരിശോധിക്കണമെന്നും ഉണ്ണി പറഞ്ഞു.

രാഷ്ട്രീയത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ബഹുമാനിക്കുന്നു എന്നും ലാഘവത്തോടെയല്ല താന്‍ രാഷ്ട്രീയത്തെ സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ തന്റെ നിലപാടാണ് വ്യക്തമാക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു.

‘ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അത് വ്യാജമാണ്. എന്റെ പുതിയ ചിത്രം ഗന്ധര്‍വ്വ ജൂനിയറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. അതൊരു നീണ്ട ഷെഡ്യൂള്‍ ആണ്. അത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം. ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടും മുമ്പ് അതിന്റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു.

സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നെന്ന നിലയില്‍ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും വലിയ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ലാഘവത്തോടെയല്ല ഞാന്‍ രാഷ്ട്രീയത്തെ സമീപിക്കുന്നത്. ഈ കുറിപ്പിലൂടെ ഞാന്‍ നിലപാട് വ്യക്തമാക്കിയതായി കരുതുന്നു,’ ഉണ്ണി മുകുന്ദന്‍ കുറിച്ചു.

വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഗന്ധര്‍വ്വ ജൂനിയര്‍ എന്ന സിനിമയിലാണ് താരമിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മലാളമുള്‍പ്പടെ ആറ് ഭാഷകളിലായിട്ടാണ് സിനിമയുടെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ജെ.എം ഇന്‍ഫോടെയ്ന്‍മെന്റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

content highlight: unni mukundan response about his bjp entry