Advertisement
Malayalam Cinema
എല്ലാ ക്രെഡിറ്റും മറ്റുള്ളവര്‍ക്ക് കൊടുത്ത് സ്വന്തം കഴിവിനെ കുറച്ചുകാണുന്നത് എന്തിനാണ്? ആരാധകന്റെ ചോദ്യത്തിന് ഉണ്ണി മുകുന്ദന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 09, 07:48 am
Saturday, 9th October 2021, 1:18 pm

മസിലളിയനായി എത്തി മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് ഉണ്ണി മുകുന്ദന്‍. പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമത്തില്‍ ഒരു മികച്ച കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.

കോമഡി- വില്ലന്‍ പരിവേഷത്തിലെത്തി പ്രേക്ഷകരെ കയ്യിലെടുക്കാനും ഉണ്ണിക്ക് സാധിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്‍ എഴുതിയ ഒരു കുറിപ്പും അതിന് ആരാധകന്‍ നല്‍കിയ മറുപടിയും ഇതിന് പിന്നാലെ ഉണ്ണി നല്‍കിയ വിശദീകരണവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ദിനേഷ് എന്ന കഥാപാത്രത്തെ നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ അതിന് കാരണക്കാരന്‍ പൃഥ്വിരാജാണെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ഈ കഥാപാത്രം തന്നെക്കൊണ്ട് ചെയ്ത് ഫലിപ്പിക്കാനാവുമെന്ന ഉറപ്പ് പൃഥ്വിക്ക് ഉണ്ടായിരുന്നെന്നും ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

എന്നാല്‍ ഈ പോസ്റ്റിന് താഴെ താങ്കള്‍ പൃഥ്വിയോടുള്ള നന്ദി പറയുന്നത് ശരിയായിരിക്കാമെന്നും എന്നാല്‍ സ്വന്തം കഴിവിനെ താങ്കള്‍ വിലകുറച്ച് കാണുന്നതും മറ്റുള്ളവര്‍ക്ക് ക്രഡിറ്റ് കൊടുക്കുന്നതും എന്തിനാണെന്നായിരുന്നു ഒരാളുടെ ചോദ്യം.

എന്നാല്‍ സ്വന്തം കഴിവിനെ താന്‍ ഒരിക്കലും വിലകുറച്ച് കണ്ടിട്ടില്ലെന്നും താന്‍ നന്ദി പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ മറുപടിയും നല്‍കി.

ചിത്രത്തിന് അഭിനന്ദനമറിയിച്ച് നിരവധി ആളുകള്‍ എത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു.

‘ഭ്രമത്തിലെ എന്റെ പ്രകടനത്തെക്കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എല്ലാവര്‍ക്കും ഒരുപാട് നന്ദി. ഒരു നടനെന്ന നിലയില്‍ ഒരു വിഭാഗത്തിലും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.

ഈ ചിത്രത്തിലും അതിന് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു. എന്റെ സംവിധായകന്‍ രവി കെ. ചന്ദ്രനും എന്റെ ബ്രോ പൃഥ്വിരാജിനോടുമാണ് ഇക്കാര്യത്തില്‍ എനിക്ക് നന്ദി പറയേണ്ടത്.

ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശരത്തിനോടും അകമഴിഞ്ഞ് നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരിക്കല്‍ക്കൂടി കാത്തിരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും വിശ്വാസത്തിനും ഒരിക്കല്‍ കൂടി നന്ദി.

പുതിയ കഥകളുമായി നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ എനിക്കാഗ്രഹമുണ്ട്. ‘മേപ്പടിയാനു’മായി നിങ്ങള്‍ക്കു മുന്നിലെത്താന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

സിനിമയിലെ കഥാപാത്രത്തെ അനുസ്മരിപ്പിച്ച് ‘സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഭാര്യയുമൊത്തുള്ള ചില സെല്‍ഫീസ് ഉത്തമമാണ്-എന്ന് പാവം ദിനേശ്,’ എന്ന് പറഞ്ഞുകൊണ്ട് അനന്യയെ ടാഗ് ചെയ്താണ് ഉണ്ണി മുകുന്ദന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മേപ്പടിയാനാണ് ഇനി താരത്തിന്റേതായി പുറത്ത് വരാനുള്ള പുതിയ ചിത്രം. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിക്കുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, അനു കുര്യന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മംമ്ത, റാഷി ഖന്ന, അനന്യ, ജഗദീഷ് തുടങ്ങിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തിയ ‘ഭ്രമം’ 7ാം തീയ്യതി ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Unni Mukundan Post About Prithviraj and Fans Comment