|

ഈ പടത്തിലെ പയ്യന്‍ കൊള്ളാമെന്ന് ഉദയേട്ടനും മറ്റേ പടത്തിലെ പയ്യന്‍ കൊള്ളാമെന്ന് വൈശാഖേട്ടനും, രണ്ടിലും ഞാന്‍ തന്നെയായിരുന്നു: മല്ലൂ സിങ്ങിലെത്തിയതിനെ പറ്റി ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായ സിനിമയാണ് മല്ലൂ സിങ്. ഹരി, മല്ലൂ സിങ് എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ മല്ലൂ സിങ്ങില്‍ ആദ്യം നായകനായി തീരുമാനിച്ചത് പൃഥ്വിരാജിനെയായിരുന്നു. പിന്നീട് ഡേറ്റ് ക്ലാഷ് വന്നതോടെ ഉണ്ണി മുകുന്ദന് നറുക്ക് വീഴുകയായിരുന്നു.

ചിത്രത്തിലേക്ക് വന്നതിന് പിന്നിലുണ്ടായ ചില സംഭവങ്ങള്‍ വിവരിക്കുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍.

‘ഉദയേട്ടന്റെ(ഉദയ കൃഷ്ണ) എല്ലാ സിനിമകളും കാണും. മല്ലു സിങ്ങിന് മുമ്പ് പുള്ളി എന്റെ ആദ്യ മലയാളം സിനിമയായ ബാങ്കോക്ക് സമ്മര്‍ കണ്ടിരുന്നു. ഞാന്‍ അതില്‍ ഭയങ്കര ഇടിയാണ്. അതേസമയം തന്നെ ബോംബെ മാര്‍ച്ചും റിലീസായി. ഈ സമയം സേതു ചേട്ടനും(മല്ലു സിങ്ങിന്റെ തിരക്കഥാകൃത്ത്) വൈശാഖേട്ടനും കൂടി ബോംബെ മാര്‍ച്ച് കാണാന്‍ പോയി. അത് കണ്ടിട്ട് കൊള്ളാമല്ലോ എന്ന് അവര്‍ക്ക് തോന്നി.

ഉദയേട്ടന്‍ ബാങ്കോക്ക് സമ്മര്‍ കണ്ടിട്ട് വൈശാഖിനെ വിളിച്ച് ഒരു പുതിയ പയ്യനുണ്ട് ഭയങ്കര ഇടിയാണെന്ന് പറഞ്ഞു. ബോംബെ മാര്‍ച്ചില്‍ ഒരു പയ്യനുണ്ട് കൊള്ളാമെന്നാണ് വൈശാഖേട്ടന്‍ ഉദയേട്ടനോട് പറഞ്ഞത്. എങ്ങനെയൊക്കെയാണ് കണക്റ്റാവുന്നത് എന്ന് നോക്കണം. ബോംബെ മാര്‍ച്ച് കണ്ടപ്പോള്‍ ഹരിയുടെ കഥാപാത്രം സേഫായിട്ട് അവര്‍ക്ക് തോന്നി. ബാങ്കോക്ക് സമ്മര്‍ കണ്ടപ്പോള്‍ മല്ലു സിങ്ങും സേഫായി തോന്നി. ഈ കഥകളൊക്കെ പിന്നീടാണ് ഞാന്‍ കേള്‍ക്കുന്നത്. ഇതെല്ലാം ഒന്നിച്ച് വരുന്നത് വിധിയാണെന്നാണ് ഞാന്‍ കരുതുന്നത്.

ഉണ്ണിക്കൊരു പടം കൊടുക്കണമെന്ന് പറയാന്‍ എനിക്ക് ഗോഡ്ഫാദര്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴുമില്ല. അങ്ങനെ ഒരാള്‍ വേണമെന്ന് തോന്നിയിട്ടുമില്ല. അതൊരു നഷ്ടമായിട്ടും തോന്നിയിട്ടില്ല. വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രമെടുക്കുന്ന സമയമുണ്ടായിരുന്നു. എന്നെ സാറ്റിസ്‌ഫൈ ചെയ്യുന്ന സിനിമകള്‍ വരാതായതോടെയാണ് ഹീറോയായില്ലെങ്കില്‍ പിന്നെ വില്ലനായേക്കാം എന്ന് വിചാരിക്കുന്നത്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Content Highlight: Unni Mukundan narrates some of the events behind mallu singh