| Friday, 11th March 2022, 1:00 pm

'മേപ്പടിയാന്‍' 'മികച്ച ഇന്ത്യന്‍ സിനിമ'; ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്‌കാരം; പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെംഗളൂരു; ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനംചെയ്ത മേപ്പടിയാന് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം.് 2021-ലെ ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരമാണ് മേപ്പടിയാന്‍ കരസ്ഥമാക്കിയത്.

കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലാട്ട് ആണ് ഉണ്ണി മുകുന്ദനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരം സമ്മാനിച്ചത്. 100ലധികം സിനിമകളുമായി മത്സരിച്ച് മേപ്പടിയാന്‍ മികച്ച സിനിമയായതില്‍ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

2021 ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ എന്റെ സിനിമയായ ‘മേപ്പടിയാന്‍’ ‘മികച്ച ഇന്ത്യന്‍ സിനിമ’ യായി തെരഞ്ഞെടുത്ത വിവരം നിങ്ങളെ അറിയിക്കുകയാണ്.

ഡോ സി.എന്‍. അശ്വത് നാരായണ്‍ (ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ, ഐ.ടി ശാസ്ത്ര സാങ്കേതിക മന്ത്രി), ശ്രീ ഡി.വി. സദാനന്ദ ഗൗഡ (എം.പി), ശ്രീ പി. രവി എന്നിവരുടെ സാന്നിധ്യത്തില്‍ ബഹുമാനപ്പെട്ട കര്‍ണാടക ഗവര്‍ണര്‍ ശ്രീ തവര്‍ ചന്ദ് ഗെലോട്ടില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചു.

100ലധികം ഇന്ത്യന്‍ സിനിമകളുമായി ഞങ്ങള്‍ മത്സരിച്ചുവെന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്, ഇന്ത്യന്‍ പനോരമ മത്സരത്തിന്റെ ഭാഗമായി ഞങ്ങള്‍ വിജയിച്ചിരിക്കുകയാണ്.

മേപ്പടിയന്റെ ഭാഗമായ എല്ലാവര്‍ക്കും ഇത് തീര്‍ച്ചയായും അഭിമാനത്തിന്റെ നിമിഷമാണ്. അതില്‍ പ്രവര്‍ത്തിച്ചവരും സിനിമ കണ്ട് പിന്തുണച്ചവര്‍ക്കുമെല്ലാം.

എനിക്കും സിനിമയ്ക്കും ഒപ്പം നിന്ന എന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
നന്നായി പ്രവര്‍ത്തിക്കാനും മികച്ച വിനോദ ചിത്രങ്ങളുമായി തിരിച്ചുവരാനും ഇത് എന്നെ പ്രേരിപ്പിക്കുന്നു, അത് ഞാന്‍ ചെയ്യും. നന്ദി, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

2020-ലെ ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ‘താഹിറ’യ്ക്കാണ്. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിന്റെ തീരമേഖലയായ എറിയാടുള്ള താഹിറ എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് ‘താഹിറ’.
സിദ്ധീഖ് പറവൂരാണ് ചിത്രം സംവിധാനം ചെയ്തത്. താഹിറ എന്ന വീട്ടമ്മതന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 2020-ല്‍ ഗോവ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ താഹിറ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും നേടിയിരുന്നു.

Content Highlight: Unni Mukundan Meppadiyan Movie Award

We use cookies to give you the best possible experience. Learn more