| Saturday, 26th February 2022, 2:02 pm

എനിക്ക് പകരം മേപ്പടിയാനില്‍ നായകനാക്കാന്‍ തെരഞ്ഞെടുക്കുക ഈ രണ്ട് യുവ താരങ്ങളെ: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററിന് പിന്നാലെ ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെ ഉണ്ണി മുകുന്ദന്‍ ചിത്രം ‘മേപ്പടിയാന്‍’ വീണ്ടും ചര്‍ച്ചയാവുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലായിരുന്നു റിലീസ് ചെയ്തത്.

ഇപ്പോഴിതാ തനിക്ക് പകരമായി മേപ്പടിയാനില്‍ നായകനായി തെരഞ്ഞെടുക്കുന്ന താരങ്ങളെ നിര്‍ദേശിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഏത് നല്ല അഭിനേതാവിനും മേപ്പടിയാനിലെ ജയകൃഷ്ണനെ ചെയ്യാന്‍ സാധിക്കും. പൃഥ്വിരാജ് അല്ലെങ്കില്‍ നിവിന്‍ പോളിക്ക് ചെയ്യാം. ഇന്ന ആള് ചെയ്യണം എന്ന രീതിയിലുള്ള സ്‌ക്രിപ്റ്റ് അല്ല മേപ്പടിയാന്റേത്. എന്നെ മനസില്‍ കണ്ടല്ല വിഷ്ണു( സംവിധായകന്‍) ഈ കഥ എഴുതിയത്.

ഇത് കിട്ടിയതുകൊണ്ടും ഇഷ്ടപ്പെട്ടതുകൊണ്ടും ചെയ്തു. ഇത് ഏത് നടന്റെ അടുത്ത് പോയാലും ഒരു ബ്രേക്ക് അല്ലെങ്കില്‍ ഹിറ്റ് കിട്ടാന്‍ സാധ്യതയുള്ള സിനിമയാണ്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ചിത്രത്തിലേക്ക് അജു വര്‍ഗീസ് എത്തിയതെങ്ങനെയെന്നും ഉണ്ണി പറഞ്ഞു.

‘സുഹൃത്തുക്കള്‍ വഴി ഇങ്ങനെയൊരു കഥയുടെ കാര്യം അറിഞ്ഞിട്ട് അജു വര്‍ഗീസ് വിളിച്ചിരുന്നു. എന്നാല്‍ അജുവിന് പറ്റിയ ഒരു വേഷം സിനിമയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ എങ്ങനെയെങ്കെിലും അജുവിന് സിനിമയുടെ ഭാഗമാവണമായിരുന്നു.

സിനിമയില്‍ ഇതുവരെ വന്നിട്ടില്ലാത്ത സ്വഭാവത്തിലുള്ള കഥാപാത്രങ്ങളാണെന്നും അജുവേട്ടന്‍ കംഫര്‍ട്ടബിള്‍ ആകുമോയെന്നും ചോദിച്ചു. അജു അത് സന്തോഷത്തോടെ സ്വീകരിച്ചു. വേറൊരു പടത്തില്‍ അജുവിന് ഇത്ര നല്ല ഇന്‍ഡ്രോ കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. മേപ്പടിയാനില്‍ ജയകൃഷ്ണന്‍ കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം അജുവിന്റേതാണ്,’ ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും മേപ്പടിയാന്‍ ഇടംനേടിയിരുന്നു. ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലാണ് മേപ്പടിയാന്‍ ഇടംനേടിയത്.

ദുബൈ എക്‌സ്‌പോയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. എക്‌സ്‌പോയിലെ ഇന്ത്യ പവലിയനില്‍ ദ് ഫോറം ലെവല്‍ 3ല്‍ ആയിരുന്നു പ്രദര്‍ശനം. ദുബൈ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയായിരുന്നു മേപ്പടിയാന്‍.

ജനുവരി 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ എത്തിയത്. 2019ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. സിനിമയ്ക്കായി ഉണ്ണി മുകുന്ദന്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.


Content Highlight: Unni Mukundan is suggesting players to replace him in Meppadiyan

We use cookies to give you the best possible experience. Learn more