Advertisement
Film News
യഥാര്‍ത്ഥ സിനിമാ ജീവിതം തുടങ്ങിയത് വിക്രമാദിത്യന് ശേഷം: ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 23, 01:11 pm
Sunday, 23rd January 2022, 6:41 pm

2011 ല്‍ സീഡന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമംരംഗത്തേക്ക് കടക്കുന്നത്. സൂപ്പര്‍ ഹിറ്റ് മലയാളചിത്രം നന്ദനത്തിന്റെ തമിഴ് റീമേക്കായ സീഡനില്‍ അനന്യയും ധനുഷുമാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പിന്നീട് തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലു സിംഗ്, വിക്രമാദിത്യന്‍ തുടങ്ങിയ നിരവധി സിനിമകളിലൂടെ ഉണ്ണി പ്രേക്ഷകരുടെ പ്രിയതാരമായി മാറി.

വിക്രമാദിത്യന് ശേഷമാണ് തന്റെ യഥാര്‍ത്ഥ സിനിമ ജീവിതം ആരംഭിക്കുന്നത് എന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി വിക്രമാദിത്യനെ പറ്റി പറഞ്ഞത്.

‘ആദ്യ ചിത്രത്തിന് ശേഷം മൂന്നാല് വര്‍ഷം സീരിയസായോ കരിയര്‍ പ്ലാന്‍ വെച്ചോ അല്ല മുന്നോട്ട് പോയത്. സിനിമകളില്‍ അഭിനയിക്കണമെന്നുണ്ടായിരുന്നു. വിക്രമാദിത്യന് ശേഷമാണ് സിനിമയെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത്.

സിനിമജീവിതം തുടങ്ങിയത് വിക്രമാദിത്യന് ശേഷമാണ് എന്ന് പറയാം. അതിനു മുന്‍പേ സിനിമകളില്‍ അഭനയയിച്ചത് കൊണ്ട് ഈ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. സിനിമ കിട്ടുന്നുണ്ടായിരുന്നു.

ചെയ്യുന്നത് ആസ്വദിക്കാന്‍ പറ്റാത്തിടത്തോളം നമ്മള്‍ ആ ചെയ്യുന്നതിനായി റെഡിയല്ല എന്നാണ് അര്‍ത്ഥം. വിക്രമാദിത്യന്‍ കഴിഞ്ഞാണ് എന്റെ യഥാര്‍ത്ഥ സിനിമകള്‍ ചെയ്യാന്‍ തുടങ്ങുന്നത്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

മേപ്പടിയാനാണ് ഉണ്ണി മുകുന്ദന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

കഴിഞ്ഞ 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് മേപ്പടിയാനിലെ നായിക.

വരുന്ന 26 ന് പുറത്തിറങ്ങുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രത്തിലും ഉണ്ണി മുകുന്ദന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അപര്‍ണ മുരളി നായികയാവുന്ന പേരിടാത്ത് ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: unni mukundan about vikramadhithyan