| Tuesday, 22nd November 2022, 8:34 am

മേപ്പടിയാന്റെയും ദൃശ്യത്തിന്റെയും കാര്യത്തില്‍ അങ്ങനെയാണ് സംഭവിച്ചത്, ഫസ്റ്റ് ഹാഫില്‍ ഒന്നുമില്ല എന്ന് പറഞ്ഞിട്ട് സൂപ്പര്‍ ഹിറ്റടിച്ചു: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയെ വിമര്‍ശിക്കുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ ശ്രദ്ധിക്കണമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. വിമര്‍ശനം വേദനിപ്പിക്കുന്ന വാക്കുകള്‍ കൊണ്ടായാല്‍ അത് ഉള്‍ക്കൊള്ളുന്നത് സംവിധായകന് അത്ര എളുപ്പമാകില്ല എന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ പ്രസ് മീറ്റില്‍ വെച്ച് സിനിമാ നിരൂപണത്തിനെ പറ്റി അടുത്ത കാലത്ത് വിവിധ സംവിധായകരില്‍ നിന്നും അഭിനേതാക്കളില്‍ നിന്നും വന്ന വിമര്‍ശനത്തെ പറ്റി ചോദിച്ചപ്പോഴായിരുന്നു ഉണ്ണി മുകുന്ദന്റെ പരാമര്‍ശങ്ങള്‍.

‘സിനിമക്ക് വേണ്ടി ഒരാള്‍ പൈസയും സമയവവും മുടക്കുകയാണെങ്കില്‍ അയാള്‍ക്ക് അതിനെപറ്റി എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സിനിമകള്‍ കണ്ട് സിനിമ ഇഷ്ടപ്പെട്ട ഒരാളാണ് ഞാന്‍. ഞാന്‍ സിനിമാ സ്‌കൂളില്‍ പോയി അഭിനയം പഠിച്ചിട്ടില്ല. അഭിനയം പഠിക്കാത്തത് കൊണ്ട് അഭിനയിക്കാന്‍ പാടില്ല എന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. സിനിമ കണ്ടിട്ട് മനസിലായില്ലെങ്കിലും അഭിപ്രായം പറയാം. വിമര്‍ശിക്കുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ആ സിനിമയെ ഇല്ലാതാക്കുന്ന രീതിയില്‍ പോകുന്നതിനെ കുറിച്ചായിരിക്കും അവര്‍ പറഞ്ഞത്.

ഒരു സിനിമ തുടങ്ങി 15 മിനിട്ടില്‍ റിവ്യു ഉണ്ട്, ഫസ്റ്റ് ഹാഫില്‍ റിവ്യു ഉണ്ട്. പിന്നെ ഒരു റിവ്യു ഉണ്ട്. ചില സംവിധായകര്‍ ഫസ്റ്റ് ഹാഫ് ഒരു പ്ലാറ്റ്‌ഫോമായിട്ടായിരിക്കും ഉപയോഗിക്കുക. സെക്കന്റ് ഹാഫിലായിരിക്കും കഥ ഓപ്പണാവുക. മേപ്പടിയാന്റെ കാര്യത്തിലും ദൃശ്യത്തിന്റെ കാര്യത്തിലും അങ്ങനെയാണ് സംഭവിച്ചത്. ഫസ്റ്റ് ഹാഫില്‍ ഒന്നുമില്ല എന്ന് പറഞ്ഞിട്ട് സൂപ്പര്‍ ഹിറ്റടിച്ച സിനിമകളാണ്.

വിമര്‍ശനം വേദനിപ്പിക്കുന്ന വാക്കുകള്‍ കൊണ്ടാകുമ്പോള്‍ അത് സംവിധായകന് കേള്‍ക്കാന്‍ അത്ര എളുപ്പമായിരിക്കില്ല. ആര്‍ട്ടിസ്റ്റിക് പോയിന്റെ ഓഫ് വ്യൂവില്‍ നിന്നും നോക്കുമ്പോള്‍ എല്ലാം ശരിയായിരിക്കുമെന്ന് വിചാരിച്ചാണ് സിനിമ ഇറക്കുന്നത്. പക്ഷേ കല ആയതുകൊണ്ട് എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. കണ്‍സ്ട്രക്ടീവ് ക്രിട്ടിസിസം വന്നാലേ വളര്‍ച്ച ഉണ്ടാവൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. രണ്ടര മണിക്കൂര്‍ മാറ്റിവെച്ച് ഒരാള്‍ 200 രൂപ ചെലവാക്കുമ്പോള്‍ അയാള്‍ക്ക് ആ സിനിമയെ പറ്റി ഏത് രീതിയിലും പറയാം. അഭിനയം നിര്‍ത്തിക്കൂടെ എന്ന് പറയാം. അത് സീരിയസ് ആയി എടുക്കണോ വേണ്ടയോ എന്നുള്ളത് നമ്മുടെ കാര്യം,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളമാണ്. മനോജ് കെ. ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, അനീഷ് രവി, അരുണ്‍ ശങ്കരന്‍ പാവുമ്പ, ബോബന്‍ സാമുവല്‍, അസിസ് നെടുമങ്ങാട്, ജോര്‍ഡി പൂഞ്ഞാര്‍, ഉണ്ണി നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

Content Highlight: unni mukundan about the success of drishyam and meppadiyan

We use cookies to give you the best possible experience. Learn more