| Sunday, 22nd May 2022, 9:15 am

ആംബുലന്‍സ് കാണിച്ചല്ല പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയുക; സേവാഭാരതിക്ക് തീവ്രവാദമൊന്നുമില്ല; വെളുപ്പും വെളുപ്പുമിട്ട് ശബരിമലയില്‍ പോകാനാകുമോ: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി മുകുന്ദന്‍ നായകനായി തിയേറ്ററില്‍ വിജയമായി മാറിയ ചിത്രമായിരുന്നു മേപ്പടിയാന്‍. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഇതിലൂടെ പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

സംഘപരിവാര്‍ രാഷ്ട്രീയം ഒളിച്ചുകടത്താനാണ് മേപ്പടിയാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം. സേവാഭാരതിയുടെ ആംബുലന്‍സ് തുടര്‍ച്ചയായി ഒരുപാട് സീനുകളില്‍ കാണിച്ചതും, ഹിന്ദു മത വിശ്വാസിയായ നായകന്റെ വില്ലനായി ഒരു മുസ്‌ലിം കഥാപാത്രത്തെ കൊണ്ടുവന്നതുമെല്ലാം ആരോപണങ്ങളെ സാധൂകരിച്ച് കൊണ്ട് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

മേപ്പടിയാനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”ആംബുലന്‍സ് കാണിച്ചിട്ടല്ല ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയുക. ക്ലാരിറ്റി പ്രധാനമാണ്. ഏത് സ്റ്റേറ്റ്‌മെന്റ് പറഞ്ഞാലും അതില്‍ ക്ലാരിറ്റി പ്രധാനമാണ്.

ആ സ്ഥിതിക്ക് ഇങ്ങനെ ഹാഫ് ബേക്ക്ഡ് ആയ കാര്യം പറയേണ്ട ആവശ്യമില്ല. സിനിമ കണ്ടവര്‍ക്ക് വ്യക്തമായി അറിയാം ഇതില്‍ ഏത് പൊളിറ്റിക്‌സ് ആണ് പറയുന്നതെന്ന്.

ഇതില്‍ അങ്ങനെ പൊളിറ്റിക്‌സ് ഒന്നുമില്ല. ജയകൃഷ്ണന്‍ എന്ന സാധാരണക്കാരനായ ഒരാളുടെ ലൈഫില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് സിനിമ.

എന്നെ സംബന്ധിച്ചിടത്തോളം അത് രസകരമായ കാര്യമായിരുന്നു. എന്റര്‍ടെയിന്‍ ചെയ്തു, ത്രില്ലടിപ്പിച്ചു എന്നാണ് എല്ലാവരും പറഞ്ഞത്. വേറെ ചിലരില്‍ ഇമോഷണലി ആ ക്യാരക്ടര്‍ ഇന്‍വോള്‍വ്ഡ് ആയി, എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടു.

സ്‌ക്രീന്‍പ്ലേ, സ്‌ക്രിപ്റ്റ്, ഡയറക്ഷന്‍ എല്ലാം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. ഒരു പരിചയവുമില്ലാത്ത പുതിയ ഒരാളാണ് അത് സ്‌ക്രിപ്റ്റ് എഴുതി ഡയറക്ട് ചെയ്തത്.

അത്രയും നല്ല കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റിയാണ് ആ സിനിമയിലെ നായകന്‍ അമ്പലത്തില്‍ പോയി, അവന്‍ പുറത്തിറങ്ങി, ആംബുലന്‍സ് കാണിച്ചു, മുസ്‌ലിം വില്ലന്‍ എന്നൊക്കെ പറയുന്നത്. കേരളത്തില്‍ ഈ സമൂഹത്തിലുള്ള ആള്‍ക്കാര്‍ തന്നെയാണല്ലോ ജീവിക്കുന്നത്.

ആ സെന്‍സില്‍ നോക്കാന്‍ പോയാല്‍ ആ സെന്‍സിലാകും. ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയാന്‍ മാത്രം അഞ്ചോ ആറോ കോടി മുടക്കി സിനിമ എടുക്കേണ്ട ആവശ്യമില്ല. ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ മതി.

ആദ്യത്തെ ഒരാഴ്ച ഈ സിനിമയുടെ ഒരു മെറിറ്റും ചര്‍ച്ച ചെയ്യപ്പെട്ടില്ല. സിനിമയില്‍ അവന്‍ കറുപ്പും കറുപ്പും ഇട്ടു എന്നൊക്കെ പറഞ്ഞു. പിന്നെ ശബരിമലയിലേക്ക് പോകുമ്പോള്‍ വെളുപ്പും വെളുപ്പും ഇടാന്‍ പറ്റുമോ.

ജയകൃഷ്ണന്റെ പല കാര്യങ്ങളും എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റിയതുണ്ട്. ഞാന്‍ ആ ക്യാരക്ടര്‍ ചെയ്യാന്‍ വേണ്ടി പത്തിരുപത് കിലോ ഭാരം കൂട്ടി. അതൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. അത് മാത്രമാണ് സങ്കടം.

ആ ആംബുലന്‍സ് സിനിമയില്‍ ശൂ എന്ന് പോയ സംഭവമാണ്. സേവാഭാരതി എന്ന് പറയുന്നത് കേരളത്തില്‍ ഉള്ള ഒരു സംഘടനയാണ്. അവര്‍ക്ക് തീവ്രവാദം പരിപാടിയൊന്നുമില്ല. ഈരാറ്റുപേട്ട റോഡില്‍ നിങ്ങള്‍ നിന്നാല്‍ ഒരു നാല് തവണ സേവാഭാരതിയുടെ വണ്ടി അങ്ങോട്ടുമിങ്ങോട്ടും പോകും.

നമ്മള്‍ സമൂഹത്തിന്റെ കഥ പറയുമ്പോള്‍ സമൂഹത്തില്‍ ഇവര്‍ ഇല്ല എന്നൊന്നും പറയാനാവില്ല. അതില്‍ ഒരു പൊളിറ്റിക്‌സുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Content Highlight: Unni Mukundan about the criticism against his movie Meppadiyan

We use cookies to give you the best possible experience. Learn more