| Sunday, 20th August 2023, 4:19 pm

'ശബരിമലയില്‍ നടന്നത് പറയേണ്ടല്ലോ, നാളെ കൃഷ്ണനും ശിവനും മിത്താണെന്ന് പറയും, ഇതെല്ലാം കഴിഞ്ഞ് നിങ്ങള്‍ മിത്താണെന്ന് പറയും'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൈവം ഇല്ല എന്ന് പറയുമ്പോള്‍ ആര്‍ക്കും ഒരു വിഷമവുമില്ലാത്തത് നമ്മുടെ വലിയ മനസാണെന്നും വലിയ പോരായ്മയാണെന്നും നടന്‍ ഉണ്ണി മുകുന്ദന്‍. ശബരിമലയില്‍ നടന്നതൊന്നും പറയേണ്ടല്ലോയെന്നും നാളെ കൃഷ്ണന്‍ മിത്താണെന്നും മറ്റന്നാള്‍ ശിവന്‍ മിത്താണെന്നും പറയുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മറ്റ് മതങ്ങളുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ ആര്‍ക്കും ഒന്നും പറയാന്‍ സാധിക്കില്ലെന്നും അതിനുള്ള ധൈര്യം പോലുമില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇവിടെ പറഞ്ഞു മാളികപ്പുറം എന്ന സിനിമ ചെയ്യാന്‍ താന്‍ ചങ്കുറ്റം കാണിച്ചെന്ന് പറയുന്നു. എനിക്ക് മനസ്സിലാകുന്നില്ല, സിനിമ എടുക്കാന്‍ അത്രമാത്രം ചങ്കൂറ്റം ആവശ്യമാണോ എന്ന്. എന്നോട് ഇപ്പോഴും പലരും ചോദിക്കുന്നുണ്ട് എനിക്ക് മാളികപ്പുറം പോലൊരു സിനിമ എടുക്കാന്‍ പേടിയായില്ലേ എന്ന്. ഞാന്‍ വളരെ ആശ്ചര്യത്തോടെയാണ് ഈ ചോദ്യം ഇങ്ങനെ കേട്ടുകൊണ്ടിരുന്നത്.

കേരളത്തിലെ എല്ലാ ഹിന്ദുക്കളും വിശ്വാസികളാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാ ഹിന്ദു വിശ്വാസികള്‍ക്കുമുള്ള ഏറ്റവും വലിയ പ്രശ്നം അവര്‍ക്ക് ഭയങ്കര പേടിയാണ്. അവര്‍ ഒട്ടും നട്ടെല്ലില്ലാത്ത ആള്‍ക്കാരായി മാറി. ഇന്ത്യ എന്ന രാജ്യത്ത് ആര്‍ക്കും എന്തും പറയാം, അതാണ് ഈ രാജ്യത്തിന്റെ ഭംഗി. പക്ഷേ ഇത് ആര്‍ക്ക് വേണ്ടിയാണ് പറയുന്നത്, ആരാണ് കേള്‍ക്കുന്നത് എന്ന് നമ്മള്‍ ചിന്തിക്കണം.

ഞാന്‍ വിശ്വാസിയാണ്, ഞാന്‍ ഒരുപാട് വിശ്വസിക്കുന്ന ദൈവം, കുട്ടിക്കാലം മുതല്‍ മനസില്‍ കൊണ്ടുനടന്ന ദൈവം ഇല്ല എന്ന് പറയുമ്പോള്‍, ആര്‍ക്കും ഒരു വിഷമവുമില്ല. ഞാന്‍ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് വെച്ചാല്‍ നമുക്ക് ഇതൊക്കെ ഓക്കെയാണ്. പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. നമ്മുടെ വലിയ മനസാണെന്നും വലിയ പോരായ്മയാണെന്നും പറയാം. ഈ സമൂഹത്തില്‍ നമ്മുടെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ മനസിലാക്കണം. ഒരു സിനിമ ചെയ്തതിന്റെ പേരില്‍ ഞാന്‍ ഒരുപാട് കേട്ടു, പക്ഷേ ഞാന്‍ അത് വിട്ടു.

നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്, ഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ ശബരിമലയില്‍ നടന്നതൊന്നും പറയേണ്ടല്ലോ, നാളെ കൃഷ്ണന്‍ മിത്താണെന്ന് പറയും, മറ്റന്നാള്‍ ശിവന്‍ മിത്താണെന്ന് പറയും, ഇതെല്ലാം കഴിഞ്ഞ് നിങ്ങള്‍ ഒരു മിത്താണെന്ന് പറയും. മറ്റ് മതങ്ങളെ കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ ആര്‍ക്കും ഒന്നും പറയാന്‍ സാധിക്കില്ല. അതിന് ഒരു ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മള്‍ മുന്നോട്ട് പോകണം. അല്ലാതെ ഈ ആഘോഷങ്ങളൊക്കെ നടത്തുന്നതില്‍ അര്‍ത്ഥമില്ല. ഇനിയെങ്കിലും ഇത്തരം വിഷയത്തില്‍ കുറഞ്ഞത് നിങ്ങള്‍ക്ക് വിഷമം ഉണ്ടായെന്നെങ്കിലും പറയണം,’ ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

Content Highlight: Unni Mukundan about myth controversy

We use cookies to give you the best possible experience. Learn more