| Saturday, 15th January 2022, 5:24 pm

എന്തെങ്കിലും ചെയ്യാന്‍ പറ്റില്ലെന്ന് പറയുമ്പോള്‍ മോഹന്‍ലാലിന്റെ കമ്മിറ്റ്‌മെന്റ് എന്നെ വേട്ടയാടാറുണ്ട്: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിച്ച യുവതാരമാണ് ഉണ്ണി മുകുന്ദന്‍. മമ്മൂട്ടിക്കൊപ്പം മാസ്റ്റര്‍ പീസ്, മാമാങ്കം മുതലായ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മോഹന്‍ലാലിനൊപ്പം ജനത ഗ്യാരേജില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്‍ അഭിനയിച്ച 12ത്ത് മാന്‍, ബ്രോ ഡാഡി എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അഭിനയം താന്‍ കണ്ടുപഠിക്കാറില്ലെന്നും തനിക്കതിന് ആവില്ലെന്നും പറയുകയാണ് ഉണ്ണി മുകുന്ദന്‍. എങ്കിലും സിനിമയോടുള്ള അവരുടെ മനോഭാവം കണ്ടുപഠിക്കാറുണ്ടെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള അനുഭവങ്ങള്‍ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്.

‘ലാല്‍ സാറിനൊപ്പം അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. മമ്മൂക്കയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അവരുടെയൊക്കെ അഭിനയം കണ്ടുപഠിക്കാനാവില്ല. പക്ഷേ അവരുടെ വര്‍ക്ക് എത്തിക്‌സ് നോക്കാറുണ്ട്. എങ്ങനെയാണ് ഇത്രയും സിനിമ ചെയ്തിട്ടും മടുക്കാതെ പിടിച്ചുനിക്കുന്നത് എന്നതൊക്കെ എന്നെ ആകര്‍ഷിച്ചിട്ടുണ്ട്,’ ഉണ്ണി പറഞ്ഞു.

‘ലാല്‍ സാര്‍ ലേറ്റ് നൈറ്റ് ഷൂട്ട് ചെയ്യാറുണ്ട്. മമ്മൂക്കയും അങ്ങനെ ചെയ്യാറുണ്ട്. 12ത്ത് മാന്‍ ഫുള്‍ നൈറ്റ് ഷൂട്ടായിരുന്നു. ബോക്‌സിങ് ബേസ്ഡ് സിനിമ ചെയ്യുന്നുണ്ട് ലാല്‍ സാര്‍. വെളുപ്പിനെ നാല് മണി അഞ്ച് മണി വരെ ഷൂട്ട് ചെയ്തിട്ട് ആറ് മണിയാവുമ്പോള്‍ ബോക്‌സിംഗ് പ്രാക്ടീസ് ചെയ്യാന്‍ പോവും. കൈയ്യിലും കാലിലും വെയ്റ്റ്‌സ് ഇട്ടിട്ടാണ് ചെയ്യുന്നത്. പുള്ളി അങ്ങനെ ചെയ്തില്ലെങ്കിലും സിനിമ ഷൂട്ട് നടക്കും. ലാല്‍ സാറിനോട് ആര് എന്ത് പറയാനാ.

പക്ഷേ ആ ഒരു കമ്മിറ്റ്‌മെന്റ് പുള്ളി ഇപ്പോഴും കാണിക്കുന്നുണ്ട്. ആ മനോഭാവം, അതൊക്കെയാണ് എനിക്ക് പഠിക്കാന്‍ പറ്റുക. ഒരു കാര്യം ചെയ്യാന്‍ പറയുമ്പോള്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ഇവരുടെയൊക്കെ കമ്മിറ്റ്‌മെന്റ് നമ്മളെ വേട്ടയാടും. ഇത്രയും സീനിയറായ സക്‌സസ്ഫുള്ളായ ആളുകള്‍ക്ക് ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യാമെങ്കില്‍ നിനക്കെന്താ പറ്റാത്തത് എന്നൊരു ചിന്ത ഉണ്ടാവും,’ ഉണ്ണി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്.
അഞ്ജു കുര്യന്‍ ആണ് മേപ്പടിയാനിലെ നായിക.

ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

ഇന്ദ്രന്‍സ്, സൈജു കുറുപ്, മേജര്‍ രവി, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വില്‍സണ്‍, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

രാഹുല്‍ സുബ്രമണ്യന്‍ ആണ് സംംഗീത സംവിധാനം. നീല്‍ ഡിക്കുഞ്ഞയാണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സാബു മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിപിന്‍ കുമാര്‍ എന്നിവരാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: unni mukundan about mohanlal’s commitment

We use cookies to give you the best possible experience. Learn more