കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം ഭ്രമം എന്ന ചിത്രത്തിലൂടെ എത്തി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഉണ്ണി മുകുന്ദന്‍. മലയാള സിനിമയുടെ മസിലളിയന്‍ ആയിട്ടാണ് ഉണ്ണി അറിയിപ്പെടുന്നതെങ്കിലും വ്യത്യസ്തമാര്‍ന്ന വേഷങ്ങള്‍ കരിയറില്‍ ചെയ്യാന്‍ താത്പര്യപ്പെടുന്ന താരമാണ് അദ്ദേഹം.
ഇപ്പോള്‍ മലയാളത്തില്‍ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഉണ്ണി. അതില്‍ തന്നെ താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന മോഹന്‍ലാലിനൊപ്പം രണ്ട് സിനിമകളില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലും താരത്തിനുണ്ട്. ജനതാ ഗ്യാരേജിനുശേഷം മോഹന്‍ലാലിനൊപ്പം ഉണ്ണി അഭിനയിക്കുന്ന രണ്ട് ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും.
‘മലയാളത്തില്‍ ആദ്യമായാണ് ഞാന്‍ അദ്ദേഹത്തിനൊപ്പം ചേരുന്നത്. ഭ്രമം കഴിഞ്ഞപ്പോള്‍ പൃഥ്വി തന്നെയാണ് ബ്രോ ഡാഡിയില്‍ ഒരു വേഷമുണ്ടെന്നു പറഞ്ഞ് ക്ഷണിക്കുന്നത്. വലിയ സന്തോഷമായി. കാരണം, ഭ്രമം ഓക്കെ ആയതുകൊണ്ടാണല്ലോ പൃഥ്വി അടുത്ത സിനിമയിലേക്കും വിളിച്ചത്.
ബ്രോ ഡാഡി ചെയ്യുമ്പോഴാണ് ട്വല്‍ത്ത് മാന്റെ തിരക്കഥ വായിക്കുന്നത്. ലാലേട്ടനൊപ്പമുള്ള മുഴുനീളസിനിമയാകും ജീത്തുജോസഫിന്റെ സംവിധാനത്തിലെത്തുന്ന ട്വല്‍ത്ത് മാന്‍.
ലാലേട്ടനും പൃഥ്വിക്കുമെല്ലാം ഒപ്പം ജോലിചെയ്യുമ്പോള്‍ സിനിമയെക്കുറിച്ച് പുതുതായി പലതും പഠിക്കാന്‍ കഴിയും. സ്വന്തം മേഖലയില്‍ പേരെടുത്തവരാണ് ഇവര്‍. സിനിമയില്‍ എന്തെങ്കിലുമെല്ലാം ആകണമെന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍, അതുകൊണ്ടുതന്നെ ഇവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണ്. എന്റെ ഭാഗ്യമാണ്,’ ഉണ്ണി മുകുന്ദന്‍ പറയുന്നു.
നിര്‍മാതാവിന്റെ വേഷമണിയുന്ന മേപ്പടിയാനിലെ തന്റെ വേഷം തികച്ചും വ്യത്യസ്തമാണെന്നും തനി ഗ്രാമീണ കഥാപാത്രമാണെന്നും ഉണ്ണി പറയുന്നു. കഥയോടു തോന്നിയ സ്‌നേഹവും വിശ്വാസവുമെല്ലാമാണ് സിനിമ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്. പൂര്‍ണമായൊരു കുടുംബചിത്രമാണ് മേപ്പടിയാന്‍. മസിലുപെരുപ്പിക്കുന്ന കഥാപാത്രങ്ങള്‍ മാത്രം സ്വീകരിക്കുന്നു എന്ന ആക്ഷേപം ഇതോടെ മാറട്ടെയെന്നും ഉണ്ണി പറയുന്നു.
മസിലു കാണിക്കാനായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല, കഥാപാത്രം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മേപ്പടിയാന്‍ ഉള്‍പ്പെടെ ഒരുപാട് സിനിമകള്‍ തിയേറ്റര്‍ റിലീസിങ്ങിനായി ഊഴം കാത്തിരിക്കുന്നുണ്ട്. കൊറോണഭീതി അവസാനിച്ച് ജനജീവിതം പഴയപടിയാകട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: Unni Mukundan About His New Works